1. സുപ്രിം കോടതി 2. എഐ ചിത്രം (പ്രതീകാത്മകം)
പ്രസവിക്കാൻ സ്ത്രീയെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി. 30 ആഴ്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ 17കാരിക്ക് കോടതി അനുമതി നല്‍കി. നിലവില്‍ പരമാവധി 20 മുതല്‍ 24 ആഴ്ചവരെയുള്ള ഗര്‍ഭമാണ് അലസിപ്പിക്കാന്‍ അനുമതിയുള്ളത്.
ആണ്‍സുഹൃത്തില്‍നിന്ന് 17-ാം വയസ്സിൽ ഗര്‍ഭിണിയായ മഹാരാഷ്ട്ര സ്വദേശിനിയായ പെണ്‍കുട്ടിയുടെ 30 ആഴ്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും പെണ്‍കുട്ടിയുടെ തീരുമാനം പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു.
എല്ലാ മുൻകരുതലുകളും സ്വീകരിച്ച് ഗർഭം അലസിപ്പിക്കാൻ മുംബൈയിലെ ജെജെ ആശുപത്രിക്ക് കോടതി നിർദേശം നല്‍കി. ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് പെണ്‍കുട്ടിയുടെ ഹര്‍ജി പരിഗണിച്ചത്. ബന്ധം പരസ്പര സമ്മതത്തോടെയാണോ, ലൈംഗികാതിക്രമത്തിന്റെ ഫലമാണോ എന്നതല്ല പ്രശ്‌നം. അമ്മ, കുഞ്ഞിനെ പ്രസവിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കില്‍ കോടതിക്ക് അത് കണക്കിലെടുക്കേണ്ടി വരുമെന്നും ബിവി നാഗരത്നയുടെ നിരീക്ഷണം.
പെണ്‍കുട്ടിക്ക് താല്‍പ്പര്യമില്ലെങ്കില്‍ ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോടതി നേരിടേണ്ടി വരുന്ന ധാർമികതയും നിയമപരമായ പ്രശ്നങ്ങളും വാദം കേള്‍ക്കുന്നതിനിടയില്‍ ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. നേരത്തെ, പെണ്‍കുട്ടിക്ക് ഗർഭഛിദ്രം നടത്താൻ ബോംബെ ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. 30 ആഴ്ച എത്തിയ ഗര്‍ഭസ്ഥ ശിശുവിനെ ജീവിക്കാന്‍ അനുവദിക്കണമെന്നും അമ്മയ്ക്ക് കുഞ്ഞിനെ നോക്കാന്‍ താൽപ്പര്യമില്ലെങ്കിൽ അനാഥാലയത്തിന് നൽകാമെന്നും മഹാരാഷ്ട്ര സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.