ദീപാവലി ആഘോഷത്തിനായി നാട്ടിലെത്താന്‍ യാത്രതിരിച്ച നൂറോളം ഇന്ത്യക്കാര്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് ഇറ്റലിയില്‍ കുടുങ്ങി. ഇനി ദീപാവലി ദിവസമോ അതിനു ശേഷമോ മാത്രമേ മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് ലഭിക്കൂവെന്നാണ് യാത്രക്കാര്‍ക്ക് കിട്ടിയ വിവരം. മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള AI138 വിമാനമാണ് സാങ്കേതിക തകരാർ കാരണം റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചത്.
വിമാനത്തിനു സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് യാത്ര റദ്ദാക്കുകയാണെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ചില യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ഹോട്ടലിലും മറ്റുള്ളവര്‍ക്ക് അല്‍പം മാറിയും താമസസൗകര്യം ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു. 20നോ അതിനു ശേഷമോ ഉള്ള ദിവസങ്ങളില്‍ ടിക്കറ്റ് ലഭ്യമാകുമെന്നും എയര്‍ ഇന്ത്യ. കുടുംബത്തോടൊപ്പം നാളുകള്‍ക്കുശേഷം ദീപാവലി ആഘോഷിക്കാമെന്ന മോഹമാണ് ഇതോടെ പൊലിഞ്ഞത്.
യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നുവെന്നും എല്ലാ യാത്രക്കാർക്കും ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങള്‍ എയർ ഇന്ത്യ നല്‍കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. ഏറെ നാളത്തെ പ്ലാനിങ്ങിനു ശേഷം നാട്ടിലെത്താന്‍ കൊതിച്ച യാത്രക്കാര്‍ക്ക് വലിയ ആഘാതമാണ് എയര്‍ ഇന്ത്യ നല്‍കിയതെന്ന് യാത്രക്കാര്‍ പ്രതികരിക്കുന്നു.