airindia-report

 അഹമ്മദാബാദിൽ തകർന്ന എയർ ഇന്ത്യ വിമാനത്തിന് വർഷങ്ങളായി ഗുരുതരമായ തകരാറുണ്ടെന്ന കണ്ടെത്തല്‍ നടത്തി യു.എസിലെ ഫെഡറേഷൻ ഫോർ ഏവിയേഷൻ സേഫ്റ്റി(FAS)എന്ന സംഘടന. ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ തകരാറുകൾ ഉണ്ടായിരുന്നതായുള്ള റിപ്പോർട്ട് അമേരിക്കൻ സെനറ്റിന് കൈമാറി. സാങ്കേതിക തകരാറുകൾ മറച്ചുവെച്ചാണ് വിമാനം സർവീസ് നടത്തിയതെന്നാണ് സംഘടനയുടെ പ്രധാന ആക്ഷേപം.

ഗുരുതരമായ വെളിപ്പെടുത്തലാണ് ഫെഡറേഷൻ ഫോർ ഏവിയേഷൻ സേഫ്റ്റിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ബോയിങ് 787 ഡ്രീംലൈനർ വിമാനം ഇന്ത്യയിൽ എത്തിയ ആദ്യ ദിവസം മുതൽ തന്നെ സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങി. 2022-ൽ വിമാനത്തിലെ ഇലക്ട്രിക് പാനലിൽ വലിയ തീപിടിത്തം ഉണ്ടായി. ഇതിന്‍റെ ചിത്രങ്ങൾ സഹിതം റിപ്പോർട്ടിലുണ്ട്. ഇതേ തുടർന്ന് പല പ്രധാന ഭാഗങ്ങളും വീണ്ടും മാറ്റി സ്ഥാപിച്ചു. അതേ വർഷം ഏപ്രിലിൽ ലാൻഡിങ് ഗിയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് വിമാനത്തിന്‍റെ സർവീസ് നിർത്തിവെച്ചു. 11 വർഷക്കാലത്തിനിടെ ഉണ്ടായ സാങ്കേതിക തകരാറുകളെക്കുറിച്ചെല്ലാം ബോയിങ്ങിന് കൃത്യമായ ധാരണ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ വിമർശിക്കുന്നത്.

വിമാനത്തിന്‍റെ കാര്യക്ഷമതയെ കുറിച്ച് എയർലൈനിൽ നിന്നല്ലാതെ നേരിട്ട് കമ്പനിക്ക് അറിയാൻ കഴിയുന്ന സംവിധാനങ്ങളും നിലവിലുണ്ട്. ഇലക്ട്രോണിക്, സോഫ്റ്റ്‌വെയർ തകരാറുകൾ, സർക്യൂട്ട് ബ്രേക്കറുകൾ ആവർത്തിച്ച് ട്രിപ്പ് ആവുന്നത്, വയറിങ് കേടുപാടുകൾ, ഷോർട്ട് സർക്യൂട്ടുകൾ, വൈദ്യുതിശക്തി നഷ്ടപ്പെടൽ, പവർ സിസ്റ്റം ഘടകങ്ങളുടെ അതിതാപനം എന്നിവയാണ് പ്രധാന പ്രശ്നങ്ങളായി എഫ്എഎസ് ചൂണ്ടിക്കാണിച്ചത്.

എഫ്എഎസ് റിപ്പോര്‍ട്ട് അനുസരിച്ച് അപകടത്തിൽപ്പെട്ട വിമാനം 2011 അവസാനം ഫാക്ടറിയിൽ നിന്നിറങ്ങി, 2013 ഡിസംബറിൽ ആദ്യമായി പറന്നു, 2014 ജനുവരി 28ന് എയർ ഇന്ത്യയ്ക്ക് കൈമാറി, ഫെബ്രുവരി 8ന് ആദ്യ വാണിജ്യ സർവീസ് നടത്തി. രേഖകൾ പ്രകാരം 2014 ഫെബ്രുവരി 1ന് വിമാനം ഇന്ത്യയിലെത്തിയ ദിവസം തന്നെ സിസ്റ്റം തകരാറുകൾ ആരംഭിച്ചുവെന്നും, 11 വർഷത്തെ സർവീസ് കാലയളവിൽ ഇത് തുടര്‍ന്നെന്നും പറയുന്നു. എന്നിട്ടും മുന്നറിയിപ്പുകൾ അവഗണിച്ച് വിമാനം സർവീസ് തുടർന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം.

അതേസമയം എന്‍ജിനിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച് നിലച്ചതാണ് വിമാന അപകടത്തിന് കാരണമായി എയർക്രാഫ്റ്റ് ആക്സി‍ഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമികമായി കണ്ടെത്തിയത്. സിവിൽ ഏവിയേഷൻ മന്ത്രാലയവും എയര്‍ ഇന്ത്യയും റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

 
ENGLISH SUMMARY:

Air India plane crash: A US aviation safety organization has revealed that the Air India plane that crashed in Ahmedabad had serious defects for years. The report alleges that technical issues were concealed and the aircraft continued to operate despite known problems.