ഫയല്‍ ചിത്രം
ദുർഗാപുരിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 23 വയസ്സുള്ള വിദ്യാർഥിനി രാത്രി വൈകി എങ്ങനെ ക്യാമ്പസിൽ നിന്ന് പുറത്തുപോയി എന്നാണ് മമതാ ബാനര്‍ജി ചോദിച്ചത്. ‘സ്വകാര്യ മെഡിക്കൽ കോളജിലാണ് വിദ്യാര്‍ഥി പഠിക്കുന്നത്. ആരുടെ ഉത്തരവാദിത്തമാണ് അത്? പുലർച്ചെ 12.30 ന് അവൾ എങ്ങനെയാണ് ക്യാംപസിനു പുറത്തിറങ്ങിയത്?’ സംഭവത്തില്‍ ആദ്യമായി പ്രതികരിക്കവേ മമത ചോദിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുനെന്നും വ്യക്തമാക്കി.
സ്വകാര്യ മെഡിക്കൽ കോളജുകൾ അവരുടെ വിദ്യാർഥികളെ സംരക്ഷിക്കണമെന്നും രാത്രി ജീവിതം ശ്രദ്ധിക്കണമെന്നും മമത പറഞ്ഞു. ‘അവരെ പുറത്തിറങ്ങാൻ അനുവദിക്കരുത്. അവർ സ്വയം സംരക്ഷിക്കണം. ഇതൊരു വനപ്രദേശമാണ്’ മമത ബാനര്‍ജി പറയുന്നു. പിന്നാലെ അയൽ സംസ്ഥാനമായ ഒഡീഷയിലെ ബലാല്‍സംഗ കേസുകളില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മമത ചോദിച്ചു. മണിപ്പുർ, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ ഇത്തരം നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. അവരെല്ലാം നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും മമത പറഞ്ഞു.
അതേസമയം, മമതയുടെ പ്രതികരണത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കേസില്‍ നീതി ഉറപ്പാക്കുന്നതിന് പകരം അതിജീവിതയെ ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നുവെന്ന് ബിജെപി വിമര്‍ശിച്ചു. ‘മമതാ ബാനര്‍ജി സ്ത്രീത്വത്തിനേറ്റ കളങ്കമാണ്, മുഖ്യമന്ത്രിയായതിലും വലിയ കളങ്കം’ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ എക്‌സില്‍ കുറിച്ചു. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുപകരം രാത്രിയിൽ പുറത്തിറങ്ങരുതെന്ന് പറയുന്ന ഒരു മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ ധാർമ്മിക അവകാശമില്ലെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. മമത രാജിവയ്ക്കണം എന്നാവശ്യപ്പെട്ട അദ്ദേഹം പ്രിയങ്കയും രാഹുല്‍ ഗാന്ധിയുമുള്‍പ്പെടെയുള്ളവര്‍ വാതുറക്കാത്തതെന്താണ് എന്നും ചോദിച്ചു.
ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പഠിക്കുന്ന, ഒഡീഷയിലെ ജലേശ്വറിൽ നിന്നുള്ള രണ്ടാം വർഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് വെള്ളിയാഴ്ച രാത്രി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. ഒരു സുഹൃത്തിനൊപ്പം പുറത്തുപോയ യുവതിയെ പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.
അതേസമയം, തന്‍റെ മകളെ തിരികെ ഒഡീഷയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായും ബംഗാളിലെ അവളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അതിജീവിതയുടെ പിതാവ് പ്രതികരിച്ചു. ‘അവൾ കിടപ്പിലാണ്, ഇവിടെയാണെങ്കില്‍ ഏത് നിമിഷവും അവർ അവളെ കൊന്നു കളയും. അതുകൊണ്ടാണ് ഞങ്ങൾ അവളെ ഒഡീഷയിലേക്ക് തിരികെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്. ബംഗാളിൽ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സര്‍ക്കാറില്‍ വിശ്വാസം നഷ്ടപ്പെട്ടു’ അദ്ദേഹം പറഞ്ഞു.
സംഭവത്തെ അങ്ങേയറ്റം അപലപനീയവും വേദനാജനകവുമാണെന്നാണ് ഒഡീഷ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ‘പ്രതികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് ഞാൻ ശക്തമായി അഭ്യർത്ഥിക്കുന്നു. ബംഗാൾ സർക്കാരുമായി ബന്ധപ്പെടാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുതിർന്ന ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. അതിജീവിതയുടെ കുടുംബത്തിന് ഒഡീഷ സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകും’ അദ്ദേഹം പറഞ്ഞു. അതേസമയം, കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ബംഗാൾ പൊലീസും ഉറപ്പ് നല്‍കിയിട്ടുണ്ട്. ആ പെണ്‍കുട്ടിയുടെ വേദന ഒഡീഷയുടേത് പോലെ തന്നെ തങ്ങളുടേതുമാണെന്ന് ബംഗാള്‍ പൊലീസ് എക്സില്‍ കുറിച്ചു.