ചിത്രം എക്സില്‍ നിന്ന്

മതത്തിന്‍റെ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികില്‍സ നിഷേധിച്ചെന്ന് ആരോപണം. ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കെതിരെയാണ് ഗുരുതര ആരോപണവുമായി ഗര്‍ഭിണിയും ഭര്‍ത്താവും രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ ജോൻപൂരിലാണ് സംഭവം. മുസ്​ലിം രോഗികളെ ചികില്‍സിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതിയും ഭര്‍ത്താവും പറഞ്ഞു. സംഭവത്തെക്കുറിച്ച് യുവതി വിവരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഷമ പർവീൻ എന്ന യുവതിയാണ് വനിതാ ഡോക്ടര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഒക്ടോബർ രണ്ടിനാണ് സംഭവം. രാവിലെ 9 മണിയോടെയാണ് യുവതിയെ പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ യുവതിയെ കണ്ടപാടെ ചികില്‍സിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായാണ് ആരോപണം. യുവതിയെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കയറ്റരുതെന്ന് കൂടെയുളള സ്റ്റാഫുകളോടും ഡോക്ടര്‍ പറഞ്ഞതായി യുവതി വ്യക്തമാക്കി.

ആ സമയത്ത് അവിടെ ആകെ രണ്ട് മുസ്​ലിം യുവതികളാണ് ചികില്‍സയ്ക്കായി എത്തിയതെന്നും തന്‍റെ ഭാര്യയടക്കം ഈ രണ്ടു രോഗികള്‍ക്കും ഡോക്ടര്‍ മതത്തിന്‍റെ പേരില്‍ ചികില്‍സ നിഷേധിക്കുകയായിരുന്നെന്നും യുവതിയുടെ ഭര്‍ത്താവും പറയുന്നു. മതത്തിന്‍റെ പേരില്‍ രോഗികളെ വേര്‍തിരിച്ചുകാണരുതെന്ന് ഡോക്ടറോട് പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ അവര്‍ തയാറായില്ലെന്നും യുവതിയുെട ഭര്‍ത്താവ് പറഞ്ഞു. പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും സംഭവങ്ങള്‍ വിവരിക്കുന്നതിന്‍റെ വിഡിയോ സൈബറിടത്ത് വ്യാപകമായി പ്രചരിച്ചതോടെ ഡോക്ടര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 

ENGLISH SUMMARY:

Religious discrimination in healthcare is unacceptable. A pregnant woman in Uttar Pradesh alleges she was denied treatment at a district hospital due to her religion, sparking outrage and raising serious ethical concerns.