ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച യുവാവിന്‍റെ ജീവിതം വീണ്ടും സോഷ്യലിടത്ത് സജീവ ചര്‍ച്ചയാകുന്നു. ഉത്തർപ്രദേശ് സ്വദേശിയായ വിഷ്ണു തിവാരി 2021-ലാണ് ജയിൽ മോചിതനായതെങ്കിലും, തന്‍റെ നഷ്ടപ്പെട്ട 20 വര്‍ഷത്തെ ഓര്‍ത്ത് വിങ്ങിപ്പൊട്ടുന്ന വിഷ്ണുവിന്‍റെ വിഡിയോ വീണ്ടും നെറ്റിസണ്‍സിന്‍റെ കണ്ണ് നനയിക്കുകയാണ്.
2000 സെപ്റ്റംബറിലാണ് ലളിത്പൂർ സ്വദേശിയായ വിഷ്ണുവിനെ ബലാല്‍സംഗം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നിവ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2003-ൽ വിചാരണ കോടതി ഇദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 23-ാം വയസിൽ ജയിലിലായ വിഷ്ണുവിന് പിന്നീട് പുറംലോകം കാണാൻ 20 വർഷം കാത്തിരിക്കേണ്ടി വന്നു.
ജയിലിൽ കഴിഞ്ഞ 20 വർഷത്തിനിടെ വിഷ്ണുവിന് ഒരിക്കൽ പോലും ജാമ്യം ലഭിച്ചില്ല. കൊറോണക്കാലത്ത് മറ്റ് കുറ്റവാളികൾക്ക് ജാമ്യം നൽകിയപ്പോഴും വിഷ്ണുവിന് നിഷേധിക്കപ്പെട്ടു. 'ബലാല്‍സംഗം ചെയ്തവന്റെ കുടുംബം' എന്ന നാട്ടുകാരുടെ പരിഹാസവും ബഹിഷ്‌കരണവും ഭയന്ന് ആ കുടുംബത്തിന് തങ്ങളുടെ കൈവശമുള്ള ഭൂമിയെല്ലാം വിൽക്കേണ്ടി വന്നു. ഒടുവിൽ ദാരിദ്ര്യത്തിലും അവഗണനയിലും പെട്ടാണ് ആ കുടുംബത്തിലെ ഓരോരുത്തരും വിടവാങ്ങിയത്. സ്വന്തം അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും മരണപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ പോലും ആ മൃതദേഹങ്ങൾ ഒന്ന് കാണാൻ പോലും ഇദ്ദേഹത്തെ നിയമം അനുവദിച്ചില്ല.
പിന്നീട് അഭിഭാഷകയായ ശ്വേത സിങ് റാണ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ, വിഷ്ണുവിനെതിരെ ചുമത്തിയ കുറ്റങ്ങൾ വ്യാജമാണെന്ന് കോടതി കണ്ടെത്തി. 2021-ൽ അലഹബാദ് ഹൈക്കോടതി വിഷ്ണുവിനെ കുറ്റവിമുക്തനാക്കി. 20 വർഷത്തിന് ശേഷം ആഗ്ര സെൻട്രൽ ജയിലിൽ നിന്ന് അദ്ദേഹം പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാൻ സ്വന്തം കുടുംബത്തില്‍പ്പെട്ട ആരും ബാക്കിയുണ്ടായിരുന്നില്ല.
വിഷ്ണുവിന്‍റെ കണ്ണുനനയിക്കുന്ന വിഡിയോ വീണ്ടും വൈറലായതോടെ സോഷ്യല്‍മീഡിയയില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. വിഷ്ണുവിന്റ നഷ്ടപ്പെട്ട 20 വർഷങ്ങൾക്ക് ആര് മറുപടി നൽകുമെന്നാണ് സൈബറിടം ചോദിക്കുന്നത്. അദ്ദേഹത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വ്യാജ പരാതി നൽകിയ സ്ത്രീക്കെതിരെ കർശന നടപടി വേണമെന്നും സൈബറിടത്ത് ആവശ്യമുയരുന്നുണ്ട്. ഇനി ഇങ്ങനൊരു അവസ്ഥ ആര്‍ക്കും ഉണ്ടാകരുതെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.