Image Credit: x.com/AirIndiaX
വാരണാസിയിലേക്കുള്ള യാത്രാമധ്യേ ആകാശത്തുവച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍. ഇന്ന് രാവിലെ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX-1086 ല്‍ എട്ടുമണിയോടെയാണ് സംഭവം. യാത്രാമാധ്യേ കോക്ക്പിറ്റ് വാതിലിനടുത്തെത്തിയ യാത്രക്കാരൻ അത് തുറക്കാൻ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോക്ക്പിറ്റ് വാതിലുകള്‍ തുറക്കണമെങ്കില്‍ പാസ്കോഡ് ആവശ്യമാണ്. അതിനാല്‍ ഇയാള്‍ക്ക് കോക്ക്പിറ്റില്‍ കയറാന്‍ സാധിച്ചില്ലെന്നും വിമാനം 10.30 ഓടെ വാരണാസിയില്‍ സുരക്ഷിതമായി ഇറങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. എട്ടുപേരടങ്ങുന്ന യാത്രാസംഘത്തിലെ അംഗമാണ് കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്.
വിമാനത്തിലെ കോക്ക്പിറ്റിന്‍റെ വാതില്‍ അൺലോക്ക് ചെയ്യണമെങ്കില്‍ പാസ്‌കോഡ് ആവശ്യമാണ്. മാത്രമല്ല പാസ്‌കോഡ് നൽകിയ ശേഷം ക്യാപ്റ്റന്‍റെ അനുവാദം ഉണ്ടായാല്‍ മാത്രമേ കോക്ക്പിറ്റിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. അതിനാല്‍ തന്നെ യാത്രക്കാരന് കോക്ക്പിറ്റിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. അതേസമയം ഇയാള്‍ എന്തിനാണ് കോക്ക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ശുചിമുറി തിരയുന്നതിനിടെ സംഭവിച്ച അബദ്ധമാണെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വിമാനം വാരണാസിയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർക്ക് കൈമാറി.
അതേസമയം, സംഭവം എയര്‍ലൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ സുരക്ഷാ പ്രോട്ടോക്കോളുകളിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എയര്‍ലൈന്‍ പ്രസ്താവനയിൽ പറയുന്നു. യാത്രക്കാരനെ പൊലീസിന് കൈമാറിയതായും സംഭവത്തില്‍ ഇയാള്‍ക്ക് വിമാനയാത്രാ വിലക്ക് ഉൾപ്പെടുത്തിയേക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങൾ അറിയിച്ചു.
2024 ജൂണിൽ സമാനമായ സംഭവത്തിൽ, കോഴിക്കോടു നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതിന് 25 വയസ്സുള്ള ഒരാൾ അറസ്റ്റിലായിരുന്നു. യാത്രാമധ്യേ ഉണ്ടായ സംഭവത്തെ തുടർന്ന് വിമാനം മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്നിരുന്നു.