എയര്‍ബസ് എ320 ശ്രേണിയിലെ ഇന്ത്യയിലെ വിമാനങ്ങളുടെ സാങ്കേതിക പിഴവ് പൂര്‍ണമായി പരിഹരിച്ചു. ഇന്ത്യയില്‍ ആകെ 323 വിമാനങ്ങള്‍ക്കായിരുന്നു സാങ്കേതിക പരിശോധന ആവശ്യമായിരുന്നത്. ഇന്‍ഡിഗോയുടെ 200 വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യയുടെ 100 വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ 23 വിമാനങ്ങള്‍ക്കുമാണ് സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റ് വേണ്ടിയിരുന്നത്.
എയര്‍ബസിന്‍റെ അടിയന്തര സുരക്ഷാ നിര്‍ദേശവും ഡിജിസിഎയുടെ കര്‍ശന ഉപാധികളും രാജ്യത്തെ വിമാന സര്‍വീസുകളെ ബാധിച്ചില്ല. സൗരവികിരണത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് എയര്‍ബസിന്‍റെ എ320 ശ്രേണിയിലെ വിമാനങ്ങള്‍ക്ക് സോഫ്റ്റ്‌വെയറോ ഹാര്‍ഡ്‌വെയറോ അപ്ഡേഷന്‍ നടത്തണമെന്ന് നിര്‍ദേശമുണ്ടായത്.
വിമാനത്തിന്റെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിലെ (ELAC) കമ്പ്യൂട്ടറിന് തീവ്രമായ സൗരവികിരണം മൂലം ഡാറ്റാ തകരാർ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് വിമാനം പൈലറ്റിന്റെ നിയന്ത്രണമില്ലാതെ താഴേക്ക് കുത്തനെ നീങ്ങുന്നതിന് കാരണമായേക്കാം. അടുത്തിടെ ഒരു ജെറ്റ്ബ്ലൂ A320 വിമാനത്തിൽ ഇത്തരമൊരു സംഭവം നടന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.