സില്‍വര്‍ ലൈനില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറുന്നു. സില്‍വര്‍ ലൈനിന് സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ക്കായി നിയോഗിക്കുകയും പിന്നീട് മറ്റ് പദ്ധതികളിലേക്ക് പുനര്‍വിന്യസിക്കുകയും ചെയ്ത 205 ജീവനക്കാരെ വീണ്ടും സില്‍വര്‍ ലൈന്‍ പദ്ധതിയിലേക്ക് തിരികെ വിളിക്കില്ല. ഇവരെ റവന്യൂവകുപ്പിന്‍റെ മറ്റു ജോലികള്‍ക്കായി പുനര്‍വിന്യസിച്ച 2023ലെ ഉത്തരവ് പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു . നാളെ ചേരുന്ന മന്തിസഭായോഗത്തില്‍ തീരുമാനമുണ്ടാവും. ഇതോടെ സ്ഥലമേറ്റെടുക്കല്‍ ജോലികള്‍ പൂര്‍ണമായി നിര്‍ത്തി സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് വ്യക്തമാവുകയാണ്. സ്ഥമലേറ്റെടുക്കല്‍ പ്രതിസന്ധിയിലായപ്പോഴാണ് ജീവനക്കാരെ മറ്റ് പദ്ധതകളിലേക്ക് പുനര്‍വിന്യസിച്ചത്. ആവശ്യഘട്ടത്തില്‍ തിരികെ സില്‍വര്‍ലൈനിലേക്ക് എത്തിക്കാനായിരുന്നു ധാരണ. എന്നാല്‍ റാപ്പിഡ് റെയിലെന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചതോടെയാണ് പുനര്‍വിന്യാസം സ്ഥിരമാക്കുന്നത്
ആശങ്കയും തീരാതെ നാട്ടുകാര്‍
സിൽവർലൈൻ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുമ്പോഴും ദുരിതവും ആശങ്കയും തീരാതെ നാട്ടുകാര്‍. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കാനായി മഞ്ഞക്കുറ്റിയിട്ട ഭൂമിയില്‍ ഇപ്പോഴും ഉടമയ്ക്ക് അവകാശമില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഭൂമിക്ക് ബാങ്ക് വായ്പ കിട്ടുന്നില്ല. പദ്ധതിക്കെതിരായ സമരത്തിന്‍റെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കാത്തതും നാട്ടുകാരെ വലയ്ക്കുകയാണ്. പദ്ധതി ഉപേക്ഷിച്ചതായി സര്‍ക്കാര്‍ രേഖാമൂലം പ്രഖ്യാപിക്കാത്തതാണ് സില്‍വര്‍ലൈന്‍ നാട്ടുകാര്‍ക്ക് തലവേദനയായി തുടരുന്നത്
നാട്ടുകാരുടെ അടുക്കളയിലും മുറ്റത്തും വരെ മഞ്ഞക്കുറ്റിയുമായി സര്‍ക്കാരെത്തിയ കാലം. മഞ്ഞക്കുറ്റി പിഴുത് തോട്ടിലെറിഞ്ഞ് നാട്ടുകാര്‍ സര്‍ക്കാരിനോട് പോരടിച്ച കാലം.. സില്‍വര്‍ലൈന്‍ വിരുദ്ധ സമരകാലത്തെ സ്ഥിരം കാഴ്ചകളായിരുന്നു അത് . പ്രതിഷേധങ്ങള്‍ പെരുകിയപ്പോഴും സില്‍വര്‍ ലൈനിനെ ന്യായീകരിച്ചിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ റൂട്ട് മാറ്റി. സില്‍വര്‍ലൈനിന് പകരം ആര്‍.ആര്‍.ടി.എസ് എന്ന പുതിയ പാതയിലേക്ക് വഴിമാറി. എന്നിട്ടും സര്‍ക്കാര്‍ കൊണ്ടുവന്ന് നിര്‍ബന്ധപൂര്‍വം മഞ്ഞക്കുറ്റിയിട്ട ഭൂമിയുടെ ഉടമകളുടെ ആശങ്കക്ക് മാത്രം മാറ്റമില്ല.
സര്‍ക്കാരിട്ട മഞ്ഞക്കുറ്റികളെല്ലാം നാട്ടുകാര്‍ പിഴുതെറിഞ്ഞു കഴിഞ്ഞു. പക്ഷെ സര്‍ക്കാര്‍ രേഖയില്‍ ഇതിപ്പോഴും സില്‍വര്‍ലൈന്‍ കൂകിപ്പാഞ്ഞ് പോകുന്ന വഴിയാണ്. അതുകൊണ്ട് സ്വന്തം പേരില്‍ ഭൂമിയുണ്ടെന്നല്ലാതെ അത് വില്‍ക്കാനോ ലോണെടുക്കാനോ സാധിക്കുന്നില്ല. അതുപോലെയാണ് അന്ന് നടത്തിയ സമരങ്ങളുടെ പേരിലെടുത്ത കേസുകളും. പദ്ധതി ഉപേക്ഷിച്ചതായി സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയാല്‍ മാത്രമേ മഞ്ഞക്കുറ്റികള്‍ സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരമാകൂ. സര്‍ക്കാര്‍ അതിന് തയാറാകുന്നുമില്ല. അതുകൊണ്ട് തന്നെ ഇ.ശ്രീധരന്‍റെ അതിവേഗ റയിലായാലും സര്‍ക്കാരിന്‍റെ സില്‍വര്‍ലൈനായാലും നാട്ടുകാരുടെ നെഞ്ചില്‍ ഭയമാണ്.