എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
വിമാനയാത്രക്കിടെ എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച, ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ജോലിക്കിടെ എയർ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണു പരാതി. ക്യാബിൻ ക്രൂ നൽകിയ പരാതിയിൽ ആർജിഐ എയർപോർട്ട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന 30 വയസുകാരനാണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്തതിന് ശേഷം പാസ്പോർട്ട് സീറ്റിൽ മറന്നുവച്ചതായി ഇയാൾ ക്യാബിന്‍ ക്രൂവിനോട് പറഞ്ഞു. എന്നാല്‍ ഇതു തിരഞ്ഞെത്തിയ ജീവനക്കാർ കണ്ടത് അശ്ലീല കുറിപ്പായിരുന്നു. തുടർന്ന് വിവരം ജീവനക്കാര്‍ ക്യാപ്റ്റനെയും ഗ്രൗണ്ട് സ്റ്റാഫിനെയും അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
ജീവനക്കാരുടെ പരാതിയില്‍ യുവാവിനെതിരെ ഭാരതീയ ന്യായസംഹിത സെക്ഷൻ 74 (സ്ത്രീയുടെ മാന്യതയെ വ്രണപ്പെടുത്തുക, ക്രിമിനൽ ബലപ്രയോഗം), സെക്ഷൻ 75 (ലൈംഗിക പീഡനം) എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു.