AI Generated Image
17 വര്‍ഷമായി പെണ്‍കുട്ടിയായി വളര്‍ന്ന കൗമാരക്കാരി ജനിതകപരമായി പുരുഷനെന്ന് ഡോക്ടര്‍മാര്‍. ആര്‍ത്തവമാകാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈദ്യശാസ്ത്രത്തിലെ അപൂര്‍വത കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം.
രണ്ടുമാസം മുന്‍പാണ് പെണ്‍കുട്ടി ആര്‍ത്തവ പ്രശ്നവുമായി ബന്ധപ്പെട്ട് എസ്ആര്‍എന്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികില്‍സ തേടിയെത്തിയത്. അള്‍ട്രാസൗണ്ടും മറ്റു പരിശോധനയും നടത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് ആന്തരികമായി പുരുഷ പ്രത്യുല്‍പാദന അവയവങ്ങളാണെന്ന് കണ്ടെത്തി. കൂടാതെ ഗർഭപാത്രവും ഇല്ലായിരുന്നു. പെണ്‍കുട്ടിക്ക് ആൻഡ്രോജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം എന്ന അപൂർവ ജനിതക അവസ്ഥയാണെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ജനിതകപരമായി പുരുഷനായിരിക്കുകയും എന്നാൽ പുരുഷ ഹോർമോണുകളോട് (ആൻഡ്രജൻ) ശരീരം പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ പെണ്‍കുട്ടിക്ക് സൈക്യാട്രി വിഭാഗത്തില്‍ കൗൺസിലിങ് നൽകുന്നുണ്ട്. പെണ്‍കുട്ടിക്ക് സ്ത്രീയായി തുടരാൻ സാധിക്കുമെങ്കിലും കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയില്ല. പെൺകുട്ടിയായിട്ടാണ് വളർത്തിയതെന്നും തുടര്‍ന്നും അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നവെന്നും പെണ്‍കുട്ടി പറഞ്ഞു.
ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളും വൃഷണങ്ങൾ പുറത്തേക്ക് വരാത്തതുകൊണ്ടുള്ള ക്യാൻസർ സാധ്യതയും കണക്കിലെടുത്ത് പൂർണ്ണമായി വളരാത്ത പുരുഷാവയവങ്ങൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കാണ് പെണ്‍കുട്ടി വിധേയയായത്. സ്ത്രീയുടെ ശാരീരികാവസ്ഥ നിലനിര്‍ത്തുന്നതിനായി വേണ്ട ഹോര്‍മോണ്‍ ചികില്‍സ പെണ്‍കുട്ടിയില്‍ ആരംഭിച്ചതായി ഡോ. അനുഭ ശ്രീവാസ്തവ പറഞ്ഞു. ഇത്തരം ആരോഗ്യാവസ്ഥ അപൂര്‍വമാണ്. കൃത്യമായ ആരോഗ്യ പരിചരണവും കൗണ്‍സിലിങും കുടുംബത്തിന്‍റെ പിന്തുണയുമുണ്ടെങ്കില്‍ ഇത്തരക്കാര്‍ക്ക് സ്ത്രീയെ പോലെ സാധാരണ ജീവിതം നയിക്കാനാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.