Image Credit : Twitter

വൃന്ദാവൻ ബോട്ട് അപകടത്തില്‍ നിന്ന് താന്‍ രക്ഷപ്പെടാന്‍ കാരണം ഒരു റീലാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് 54കാരി രജിന്ദർ കൗർ ബൻഗ. നീന്തല്‍ അറിയാത്ത തനിക്ക് രക്ഷകരെത്തും വരെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത് ആ റീലില്‍ നിന്ന് ലഭിച്ച ചെറിയ വിവരങ്ങളാണെന്ന് രജിന്ദർ പറയുന്നു. 15 പേരുടെ ജീവന്‍കവര്‍ന്ന വൃന്ദാവൻ ബോട്ട് ദുരന്തത്തിന്‍റെ ഞെട്ടലില്‍ നിന്നും താനിതുവരെ മോചിതയായിട്ടില്ലെന്നും രജിന്ദർ പറഞ്ഞു. ഉത്തര്‍പ്രദേശിലെ മധുര ജില്ലയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

ഒരിക്കല്‍ യാദൃശ്ചികമായി സോഷ്യല്‍ മീഡിയയില്‍ കണ്ട ആ റീലിനെക്കുറിച്ച് രജിന്ദർ പറയുന്നതിങ്ങനെ...'സോഷ്യല്‍ മീഡിയയില്‍ വെറുതെ റീലുകള്‍ കണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് അപകടം സംഭവിച്ച് വെളളത്തില്‍ വീണാല്‍ എങ്ങനെ രക്ഷപ്പെടാം എന്ന റീല്‍ ശ്രദ്ധയില്‍പ്പെട്ടത്. കൗതുകം കൊണ്ട് അത് വെറുതെ കണ്ടിരുന്നു. തീരെ നീന്തല്‍ അറിയാത്തവര്‍ വെളളത്തില്‍ വീണാല്‍ പരിഭ്രാന്തിയോടെ കൈകാലിട്ടടിക്കുകയല്ല വേണ്ടതെന്ന് റീലില്‍ പറയുന്നു. വായ തുറക്കാതെ, ശ്വാസം അടക്കിപ്പിടിച്ച്, ശരീരം നേരെയാക്കി, കാലുകള്‍ മാത്രം ചലിപ്പിക്കുക. നീന്തുമ്പോള്‍ കാലിട്ടടിക്കുന്ന പോലെ കാലുകള്‍ ചലിപ്പിക്കുക. ഇത് നിങ്ങളെ മുങ്ങിപ്പോകാതെ ശരീരം വെളളത്തിന് മുകളിലേക്ക് ഉയര്‍ത്തി നിര്‍ത്താന്‍ സഹായിക്കും'- രജിന്ദർ പറയുന്നു. 

റീലില്‍ കണ്ടത് പോലെ തന്നെ ചെയ്തപ്പോള്‍ തനിക്ക് മുങ്ങിപ്പോകാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചെന്നും രജിന്ദർ വ്യക്തമാക്കി. പലതവണ ബോട്ടില്‍ തലയിടിച്ച് തനിക്ക് പരുക്കേല്‍ക്കുന്ന സാഹചര്യമുണ്ടായപ്പോഴും താന്‍ ഭയപ്പെടാതെ നിന്നെന്നും രജിന്ദര്‍ പറയുന്നു. രജീന്ദർ കൗർ അടക്കം പഞ്ചാബി കുടുംബം സഞ്ചരിച്ച ബോട്ട് യമുനയിൽ മറിയുകായിരുന്നു.  20 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 40ഓളം തീര്‍ത്ഥാടകരെ കയറ്റിയതാണ് അപകടകാരണമെന്നാണ് ആരോപണം. 

ENGLISH SUMMARY:

Reginder Kaur Banag, a survivor of the Vrindavan boat accident, credits a social media reel with saving her life. This reel provided crucial information on how to stay afloat without swimming, enabling her to survive until rescue arrived after the tragic incident where 15 people lost their lives.