ട്രെയിനിലെ എസി കോച്ചില്‍ പുകവലിച്ച് യുവതിയുടെ പരാക്രമം. എതിര്‍ത്തവരോട് തട്ടികയറുന്ന വിഡിയോ എക്സില്‍ വൈറലാണ്. വിഡിയോ ചിത്രീകരിക്കുന്നവരോട് തര്‍ക്കിക്കുകയും ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നതുമാണ് വിഡിയോ.
യാത്രക്കാരാണ് യുവതി പുകവലിക്കുന്ന ദൃശ്യങ്ങളാണ് പകര്‍ത്തിയത്. ഇതോടെ യുവതി വിഡിയോ ചിത്രീകരിച്ച സഹയാത്രികരോട് തട്ടികയറുകയും പിന്നീട് വാക്കുതര്‍ക്കത്തിലേക്ക് എത്തുകയായുമായിരുന്നു. പുറത്തുപോയി പുകവലിക്കാനാണ് യാത്രക്കാര്‍ യുവതിയോട് ആവശ്യപ്പെടുന്നത്. ട്രെയിനിലെ സ്റ്റാഫ് തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ വിഡിയോ ചിത്രീകരിക്കുന്നത് നിര്‍ത്തണമെന്നായി യുവതിയുടെ ആവശ്യം.
'നിങ്ങള്‍ വിഡിയോ ചിത്രീകരിക്കുകയാണ്. ഇത് ശരിയല്ല, എന്‍റെ വിഡിയോ എടുക്കേണ്ടെന്ന് പറയൂ.. അത് ഡിലീറ്റ് ചെയ്യൂ' എന്നാണ് യുവതി പറയുന്നത്. ട്രെയിനില്‍ പുകവലിക്കുന്നത് നിയമവിരുദ്ധമാണെന്ന് സഹയാത്രക്കാര്‍ പറയുന്നത് വിഡിയോയിലുണ്ട്. 'ഞാന്‍ തന്‍റെ കാശിനല്ല പുകവലിക്കുന്നതെന്നും തന്‍റെ ട്രെയിനല്ലല്ലോ' എന്നുമാണ് യുവതി മറുപടി പറയുന്നത്. പിന്നീട് പൊലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുമ്പോള്‍ പൊലീസിനെ വിളിക്കാനും യുവതി ആവശ്യപ്പെടുന്നുണ്ട്. ശേഷം സിഗരറ്റോടെ തന്‍റെ ബെര്‍ത്തില്‍ കിടക്കുകയാണ് യുവതി.
റെയില്‍ മന്ത്രാലയത്തെ ടാഗ് ചെയ്താണ് എക്സില്‍ വിഡിയോ പങ്കുവച്ചിട്ടുള്ളത്. യുവതിക്കെതിരെ നടപടി വേണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ആവശ്യം. എന്നാല്‍ സംഭവം നടന്നത് എപ്പോള്‍ ഏത് ട്രെയിനിലാണ് എന്നതില്‍ വ്യക്തതയില്ല.