TOPICS COVERED

ആണ്‍സുഹൃത്തിന്റെ മുന്‍പില്‍വച്ച് 19കാരിയെ ബലാത്സംഗം ചെയ്തു. ഒഡിഷയിലെ പുരി ബീച്ച് പരിസരത്തുവച്ചാണ് സംഭവം. ശനിയാഴ്ച്ചയാണ് പീഡനം നടന്നത്. യുവതിയും ആണ്‍സുഹൃത്തും ബല്ലിഹര്‍ചണ്ടി ക്ഷേത്രത്തിനടുത്ത് ഇരിക്കുന്നതിനിടെ മൂന്നുപേര്‍വന്ന് ഇവരുടെ വിഡിയോ ചിത്രീകരിച്ചു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെങ്കില്‍ പണം തരണമെന്നാവശ്യപ്പെട്ട് ഇരുവരേയും ഭീഷണിപ്പെടുത്താനാരംഭിച്ചു. 

പണം തരില്ലെന്ന് മറുപടി പറഞ്ഞതോടെ മൂന്നുപേരിലൊരാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും മറ്റു രണ്ടുപേര്‍ ചേര്‍ന്ന് ആണ്‍സുഹൃത്തിനെ മരത്തില്‍ കെട്ടിയിടുകയും ചെയ്തു. മൂന്നുപേരും പ്രദേശവാസികളായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ യുവതി തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുപേരുടേയും അറസ്റ്റിനു മുന്‍പായി തന്നെ ഇവര്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. 

ഒഡിഷയില്‍ അടുത്തടുത്ത മാസങ്ങളിലായി യുവതികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസ് വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഭുവനേശ്വറില്‍ ലോഡ്ജില്‍വച്ച് മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. ഈ മാസം ആദ്യ ആഴ്ച്ചയില്‍ കന്ധമാലില്‍ വച്ച് 14കാരിയെ 28കാരന്‍ ബലാത്സംഗം ചെയ്ത സംഭവവും വാര്‍ത്തയായിരുന്നു. 

സഹോദരിക്കരികിലേക്ക് പോവുകയായിരുന്ന കുട്ടിക്ക് ലിഫ്റ്റ് നല്‍കാമെന്നുപറഞ്ഞ് കാറില്‍ കയറ്റിയ ശേഷമായിരുന്നു പീഡിപ്പിച്ചത്. 

മയൂര്‍ബഞ്ചില്‍ കഴിഞ്ഞ മാസം പത്തുവയസുകാരിയെ 20വയസുള്ള യുവാവ് പീഡിപ്പിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

Odisha rape case: A 19-year-old woman was allegedly raped in front of her male friend near Puri beach, Odisha. The victim filed a complaint, and an investigation is underway amid rising concerns about women's safety in the region.