ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളുടെ കണ്‍പോളകളില്‍ പശ തേച്ചൊട്ടിച്ച് വിദ്യാര്‍ഥികളുടെ ക്രൂരമായ തമാശ. ഒഡീഷയിലെ കാണ്ഡമാലില്‍ സേവാശ്രമം സ്കൂള്‍ ഹോസ്റ്റലിലാണ് സംഭവം. മൂന്ന്, നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്ന എട്ടുവിദ്യാര്‍ഥികളുടെ കണ്ണിലാണ് സഹപാഠികള്‍ പശതേച്ച് ഒട്ടിച്ചത്.  

കണ്ണിന് അസഹനീയമായ വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉറക്കം ഉണര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് കണ്ണുതുറക്കാനാവാതെ വന്നു. വിദ്യാര്‍ഥികളുടെ നിലവിളി കേട്ടെത്തിയ ഹോസ്റ്റല്‍ അധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടികളുടെ കണ്ണുകള്‍ക്ക് സാരമായ പരുക്ക് പറ്റിയിട്ടുണ്ടെങ്കിലും കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ കാഴ്ചശകതി നഷ്ടമാകാതെ രക്ഷിക്കാനായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. ബാക്കി ഏഴുപേരും ചികിത്സയില്‍ തുടുകയാണ്. 

ഹോസ്റ്റലിലെ കുട്ടികളെ ശ്രദ്ധിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് പ്രധാനാധ്യാപകന്‍ മനോരഞ്ജൻ സാഹുവിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

ENGLISH SUMMARY:

Student prank in Odisha involves glueing the eyes of students. This resulted in serious injuries to the students, leading to hospitalization and investigation.