വിദ്യാര്‍ഥികളുടെ എഴുത്തുകള്‍ പുസ്തകമാക്കാന്‍ ഒരു സ്കൂള്‍. പത്തനംതിട്ട തട്ടയില്‍ എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്കൂളാണ് രണ്ട് വിദ്യാര്‍ഥികളുടെ പുസ്തകം പുറത്തിറക്കിയത്. കുഞ്ഞെഴുത്ത് എന്ന് പദ്ധതിയിലൂടെ അഞ്ച് വര്‍ഷം കൊണ്ട് 100 പുസ്തകം ഇറക്കാനാണ്  സ്കൂളിന്‍റെ ശ്രമം.

കുട്ടികളുടെ എഴുത്തിന്‍റെ വഴി കണ്ട അധ്യാപകരാണ് പിന്തുണ ആയത്. പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ശ്രേയസ് ബി രാജിന്‍റെ പുസ്തകമാണ് വിസ്മൃതിയിലാകുന്ന നാട്ടുചരിത്രം. അടൂരിന്‍റെ നാട്ടുചരിത്രത്തെക്കുറിച്ചാണ് പുസ്തകം. നഷ്ടപ്പെടുന്ന കൃഷി, ചരിത്ര സ്മാരകങ്ങള്‍, ഐതിഹ്യം തുടങ്ങിയവയാണ് വിഷയം. പ്ലസ് ടു വിദ്യാര്‍ഥിനി അന്‍വിത ആര്‍ ഉണ്ണിത്താന്‍റെ കവിതാ സമാഹാരമാണ് തിരി. പ്രകൃതിയും ജീവിതവുമാണ് പ്രധാന വിഷയം.

സ്കൂളില്‍ തന്നെ പുസ്തകം ഏറെയും വിറ്റുതീര്‍ന്നു. മൊബൈല്‍ ഫോണ്‍ അമിത ഉപയോഗത്തില്‍ നിന്ന് കുട്ടികളെ എഴുത്തിന്‍റെയും വായനയുടേയും ലോകത്ത് എത്തിക്കാനാണ് സ്കൂളിന്‍റെ പദ്ധതി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സി.എം. ഇന്ദുകലയാണ് കുഞ്ഞെഴുത്ത് എന്ന പദ്ധതിക്ക് പിന്നില്‍.

എന്‍എസ്എസ് നേതൃത്വവും പിന്തുണച്ചു. സ്വന്തം പുസ്തകം വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം ഉയര്‍ത്തും എന്ന് പ്രിന്‍സിപ്പല്‍. അധ്യാപകരുടെ സമിതിയാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ആരേയും കാണിക്കാതെ കഥയും കവിതയും എഴുതുന്നവര്‍ക്ക് ധൈര്യമായി ഇത് അധ്യാപകരെ കാണിക്കുകയും പുസ്തകം ആക്കുകയും ചെയ്യാം.

ENGLISH SUMMARY:

Student writing is being transformed into books by a school initiative. This program aims to foster literary skills and boost student confidence, encouraging young authors to share their creativity.