ഒരു വര്‍ഷമായി പെട്രോള്‍ പമ്പിന് ബാധ്യത ആയിരുന്ന സ്കൂട്ടര്‍ തേടി ഉടമയെത്തി. പത്തനംതിട്ട തുമ്പമണ്ണിലെ പമ്പിലായിരുന്നു സ്കൂട്ടര്‍. ബ്ലോക്ക് പഞ്ചായത്തംഗത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഉടമ എത്തിയത്. മറന്നു പോയെന്നാണ് ഉടമയുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് തുമ്പമണ്‍ ജംക്ഷനിലെ പെട്രോള്‍പമ്പില്‍ ഒരു സ്കൂട്ടറിനെ അനാഥനായി കണ്ടത്.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരും അന്വേഷിച്ച് വന്നില്ല. പന്തളം പൊലീസില്‍ അറിയിച്ചു. പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് വേണം മനസിലാക്കാന്‍. പമ്പുകാര്‍ തന്നെ ഉള്ളിലേക്ക് മാറ്റി വച്ചു. കഴിഞ്ഞ ദിവസം പന്തളം ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കല്‍ ഫേസ് ബുക്കില്‍ സ്കൂട്ടറിന്‍റെ ഫോട്ടോ സഹിതം പോസ്റ്റിട്ടു. ഇതോടെയാണ് ഉടമ തേടിയെത്തിയത്.

ചെന്നീര്‍ക്കര സ്വദേശി സജീവിന്‍റേതാണ് സ്കൂട്ടര്‍. ഒരു ബന്ധുവിന്‍റെമരണം വന്നതോടെ സ്കൂട്ടറിനെ മറന്നു എന്നാണ് സജീവ് പറയുന്നത്. തിരിച്ചു കിട്ടിയതില്‍ വലിയ സന്തോഷമൊന്നും ഇല്ല. സ്കൂട്ടര്‍ ഉടമ വന്നത് പന്തളം പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗം രഘുവിന്‍റ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉടമയെത്തുന്ന ഏഴാമത്തെ ഇരുചക്രവാഹനം ആണിത്.

ENGLISH SUMMARY:

An abandoned scooter that had been a liability at a petrol pump for a year has finally been claimed by its owner in Thumpamon. The owner, who forgot about the scooter after a relative's death, was located through a Facebook post by a Block Panchayat member.