എണ്‍പത്തിയേഴാം വയസിലും സുന്ദരമായ ഇംഗ്ലീഷ് കയ്യക്ഷരം കൊണ്ട് വിസ്മയിപ്പിക്കുകയാണ് പത്തനംതിട്ട ഇലന്തൂരിലെ തടിവെട്ടുകാരനായിരുന്ന സുകുമാരന്‍. വടിവൊത്ത ഇംഗ്ലീഷ് അക്ഷരങ്ങളാല്‍ മംഗ്ലീഷിലാണ് പാട്ടും കവിതകളും എഴുതുന്നത്. കയ്യക്ഷരം പോലെ കയ്യിലിരിപ്പ് നന്നാവാത്തതിനാല്‍ ജീവിതം തകിടം മറിഞ്ഞെന്നാണ് സുകുമാരന്‍ പറയുന്നത്.

സ്കൂള്‍ പഠനകാലം മുതല്‍ക്കേ സുകുമാരന്‍റെ കയ്യക്ഷരം സുന്ദരമാണ്. കണ്ട അധ്യാപകരൊക്കെ അഭിനന്ദിച്ചു. എല്ലാവരും മികച്ച ഭാവി കണ്ട് അനുഗ്രഹിച്ചു. കയ്യക്ഷരം സ്കൂളില്‍ സുകുമാരനെ പ്രസിദ്ധനാക്കി.

എഴുപത് വര്‍ഷംമുന്‍പ് പത്താംക്ലാസിലെത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. കയ്യക്ഷരം പോലെ കയ്യിലിരുപ്പ് നന്നായില്ലെന്ന് സുകുമാരന്‍ കയ്യക്ഷരത്തിന്റെ മികവിലടക്കം നേവിയില്‍ ജോലികിട്ടി. ജോലിക്കുപോകാനായി പിതാവ് നല്‍കിയ 500രൂപയുമായി നാടുവിട്ടു. ജോലിക്ക് വന്നില്ലെന്ന ടെലഗ്രാം വീട്ടിലെത്തിയതോടെ പിതാവ് പലവഴിക്ക് തിരഞ്ഞിട്ടും ആളെ കിട്ടിയില്ല. കയ്യിലുള്ള പണം തീര്‍ന്നതോടെ തിരിച്ചെത്തിയെങ്കിലും വീട്ടിലും കയറ്റിയില്ല.

പിതാവിന്‍റെ സഹോദരിയുടെ 14വയസുകാരിയായ മകളെ പ്രണയിച്ചു വിവാഹം കഴിച്ചു. ലക്ഷംവീട് പദ്ധതിയില്‍ അഞ്ച് സെന്‍റും വീടും കിട്ടിയതോടെ അവിടെ താമസമാക്കി. ഒന്‍പത് മക്കള്‍ ജനിച്ചു. ഒരുമകന്‍ 21വര്‍ഷം മുന്‍പ് അപകടത്തില്‍ മരിച്ചു. കൂടെപ്പഠിച്ചിരുന്നവരും സഹോദരങ്ങളുമെല്ലാം വലിയ നിലയിലെത്തി. പിതാവിന്‍റെ കണ്ണീരാണ് തന്‍റെ ജീവിതത്തെ തളര്‍ത്തിയതെന്ന് സുകുമാരന്‍ പറയുന്നു.

56 വര്‍ഷം തടിവെട്ട് ജോലി ചെയ്തു. അതിന് വയ്യാതായതോടെ ലോട്ടറിക്കച്ചവടം ചെയ്തു. ഇപ്പോള്‍ അതുമില്ല. ഇക്കാലമത്രയും മംഗ്ലീഷിലെഴുതിയ പാട്ടുകളും കവിതകളും നിറയെ ഉണ്ട് വീട്ടില്‍. പല ബുക്കുകളിലായി പെട്ടികളില്‍ സൂക്ഷിച്ചിരിക്കുന്നു. ഭക്തി ഗാനങ്ങളുണ്ട് കവിതകളുണ്ട്. ഒന്നുപോലും പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കയ്യക്ഷരത്തിന്‍റെ വടിവിന് നാട്ടില്‍ നിന്ന് ചില ആദരവുകളും ലഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

At 87 years old, Sukumaran from Elanthoor, Pathanamthitta, continues to amaze people with his beautiful, neat English handwriting, which he uses to write songs and poems in Manglish. Despite his talent making him famous during his school days, a rebellious youth led him to run away from home with 500 rupees provided by his father for a Navy job he never joined. This derailed his life, leading to estrangement from his family, a life of heavy manual labor as a woodcutter for 56 years, and eventually selling lottery tickets. Today, boxes in his home are filled with his unpublished Manglish devotional songs and poems, serving as a testament to a life shaped by missed opportunities and regret.