വർക്കൗട്ടിന് മുൻപ് ഊർജം കൂട്ടാനായി ഉയർന്ന അളവിൽ കഫീൻ അടങ്ങിയ സപ്ലിമെന്റുകൾ ഉപയോഗിക്കുന്ന യുവാക്കൾക്ക് മുന്നറിയിപ്പുമായി ന്യൂറോ സർജനായ ഡോ. ധ്രുമിത്സിംഗ് റാവു. ഒട്ടേറെപ്പേർ ഇതിനോടകം അദ്ദേഹം പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോ കണ്ടുകഴിഞ്ഞു.

അളവിൽ കൂടുതൽ പ്രീ-വർക്കൗട്ട് സപ്ലിമെന്റ് കഴിച്ചതിനെ തുടർന്ന് 22 വയസ്സുകാരനായ ഒരു യുവാവ് തന്റെ അടുത്തെത്തിയതായി ഡോക്ടർ പറയുന്നു. വ്യായാമത്തിന് തൊട്ടുമുൻപ് കൂടുതൽ ഊർജവും സ്റ്റാമിനയും ലഭിക്കാനായി രണ്ട് സ്‌കൂപ്പ് പ്രീ-വർക്കൗട്ട് സപ്ലിമെന്റാണ് ഇയാൾ കഴിഞ്ഞ 18 മാസമായി ആഴ്ചയിൽ ആറ് ദിവസം തുടർച്ചയായി കഴിച്ചിരുന്നത്. എന്നാൽ, പതിവുപോലെ ഒരു ദിവസം സപ്ലിമെന്റ് കഴിച്ചതിന് തൊട്ടുപിന്നാലെ യുവാവിന്റെ രക്തസമ്മർദം ഉയരുകയായിരുന്നു.

ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ വലിയ സമ്മർദമുണ്ടാക്കുകയും ഒടുവിൽ പക്ഷാഘാതത്തിലേക്ക് നയിക്കുകയും ചെയ്തു. പൾസ് റേറ്റ് പെട്ടെന്ന് വർധിക്കുന്നതിനും രക്തസമ്മർദം ഉയരുന്നതിനും ഉയർന്ന അളവിലുള്ള കഫീൻ ഉപയോഗം കാരണമാകാറുണ്ട്. കൃത്യമായ അളവ് പാലിക്കാതെയും ഡോക്ടർമാരുടെ നിർദേശമില്ലാതെയും പ്രീ-വർക്കൗട്ട് സപ്ലിമെന്റുകൾ കഴിക്കുന്നത് ജീവന് തന്നെ അപകടകരമാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

സോഷ്യൽ മീഡിയയുടെ സ്വാധീനം വർധിച്ചതോടെ വലിയൊരു വിഭാഗം ആളുകളും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും ശരീരസൗന്ദര്യത്തെക്കുറിച്ചും കൂടുതൽ ബോധവാന്മാരാകുന്നുണ്ട്. കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടർന്ന് നേടിയ ട്രാൻസ്ഫോർമേഷൻ വീഡിയോകൾ പോസ്റ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന സ്വീകാര്യതയും വലുതാണ്. എന്നാൽ, ഇതിനിടയിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന പ്രീ-വർക്കൗട്ട് സപ്ലിമെന്റുകളുടെ ഡാർക്ക് സൈഡാണ് വീഡിയോയിലൂടെ ഡോ. ധ്രുമിത്സിംഗ് റാവു ചൂണ്ടിക്കാട്ടുന്നത്.

ENGLISH SUMMARY:

High caffeine pre-workout supplements pose a serious risk to young adults, as highlighted by neurosurgeon Dr. Dhrumitsingh Rao. Excessive consumption can lead to dangerous health complications like strokes, emphasizing the need for caution and professional advice.