പാര്‍ട്ടിക്കിടെ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ തന്‍റെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തുന്ന ബോളിവുഡ് നടി അമീഷ പാട്ടീലിന്‍റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് താരം. 'ഹാര്‍ദികിന്റെ തോളില്‍ കൈ വച്ചുള്ള അമീഷയുടെ നില്‍പ് അത്ര സാധാരണമല്ലല്ലോ'യെന്ന സമൂഹമാധ്യമങ്ങളിലെ കമന്‍റുകളാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇരുവരും പ്രണയത്തിലാണെന്നത് പോലെ തോന്നുന്നല്ലോ എന്നായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന കമന്‍റുകള്‍.
മുംബൈയിലെ താജ് മഹല്‍ പാലസില്‍ നടന്ന പാര്‍ട്ടിയിലാണ് ഹാര്‍ദികും അമീഷയും പങ്കെടുത്തത്. ഹാര്‍ദികിനെ അമീഷ തന്‍റെ സുഹൃത്തുക്കള്‍ക്കരികിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പരിചയപ്പെടുത്തിയത്. 'ഹാര്‍ദികിന്‍റെ തോളില്‍ അമീഷ കൈ വച്ചിരിക്കുന്നത് നോക്കൂ, റെഡ്ഡിറ്റിലെ റൂമറുകള്‍ സാധാരണ സത്യമായാണ് ഭവിക്കുക' എന്നായിരുന്നു എക്സില്‍ ഒരാള്‍ കുറിച്ചത്. വിഡിയോ ശ്രദ്ധയില്‍പ്പെട്ടയുടന്‍ താരം മറുപടിയുമായെത്തി.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു പരിഹാസം കലര്‍ത്തി അമീഷയുടെ മറുപടി. 'സത്യമാണല്ലോ, ശരിക്കും ദൈവമേ... എത്ര റൊമാന്‍റികായാണ് ഹാര്‍ദികിന് മേല്‍ ഞാന്‍ കൈ വച്ചിരിക്കുന്നത്' എന്നായിരുന്നു സ്ക്രീന്‍ഷോട്ട് പങ്കിട്ട് താരം കുറിച്ചത്. നിങ്ങള്‍ക്കൊന്നും സുഹൃത്തായിപ്പോലും ഒരു പെണ്‍കുട്ടി കാണില്ല. ഇനിയിങ്ങനെയൊക്കെ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരു കൂട്ടുകാരിയെയെങ്കിലുമുണ്ടാക്കൂ എന്നും കുറിപ്പിലുണ്ട്.
അതേസമയം, മോഡല്‍ മഹിക ശര്‍മയുമായി പ്രണയത്തിലാണ് ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍. കഴിഞ്ഞ വര്‍ഷമാണ് മഹികയുമായുള്ള ബന്ധം ഹാര്‍ദിക് പരസ്യമാക്കിയത്. നടി നടാഷ സ്റ്റാന്‍കോവികുമായുള്ള ബന്ധത്തില്‍ ഹാര്‍ദികിന് ഒരു മകനുണ്ട്.