സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ അപർണ തോമസിന്റെ സോഷ്യല്‍മീഡിയ കുറിപ്പ് വൈറലാവുന്നു. മാധ്യമരംഗത്തെ ജോലിയിൽ നിന്ന് ഫ്ലൈറ്റ് അറ്റൻഡന്റിലേക്കും പിന്നീട് ഫുൾടൈം കണ്ടന്റ് ക്രിയേഷനിലേക്കുമുള്ള തന്റെ കരിയർ യാത്രയും വ്യക്തിപരമായ അനുഭവങ്ങളുമാണ് അപർണ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളിലുപരി അതിലും വലുതെന്തോ ചെയ്യാനാണ് താന്‍ ജനിച്ചത് എന്ന് തോന്നിയിട്ടുണ്ടെന്നും എന്നാലും ഇപ്പോള്‍ ജീവിക്കുന്ന ജീവിതത്തെയും സ്നേഹിക്കുന്നുവെന്നും അപര്‍ണ കുറിച്ചു. നാല് വർഷത്തോളം ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്തിരുന്നുവെന്നും അന്ന് ഭയമില്ലാതെ ആകാശത്ത് പറന്നിരുന്ന തനിക്ക് ഇപ്പോൾ ചെറിയൊരു ടർബുലൻസ് ഉണ്ടായാൽ പോലും ജീവിതത്തിലെ തീരുമാനങ്ങളെക്കുറിച്ച് സംശയം തോന്നാറുണ്ടെന്നും അപർണ പറയുന്നു.
ഇക്കണോമിക്‌സിൽ രണ്ട് ബിരുദങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവയൊന്നും കരിയറിൽ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും അപർണ വെളിപ്പെടുത്തി. പത്ത് വർഷമായിട്ടും ഒരു സർട്ടിഫിക്കറ്റ് പോലും സർവകലാശാലയിൽ നിന്ന് വാങ്ങിയിട്ടില്ലെന്നും അപര്‍ണ പറയുന്നു. മീഡിയയിൽ ജോലി ചെയ്ത ശേഷം ഫ്ലൈറ്റ് അറ്റൻഡന്റായി. പിന്നീട് താൻ ശരിക്കും ആസ്വദിക്കുന്ന കണ്ടന്റ് ക്രിയേഷനിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇപ്പോൾ ഫുൾടൈം കണ്ടന്റ് ക്രിയേറ്ററായാണ് ജോലി ചെയ്യുന്നതെന്നും, തനിക്ക് പരിചയമുള്ള പലർക്കും ഇതൊരു ‘ശരിക്കുള്ള ജോലി’യാണെന്ന് ഇപ്പോഴും വിശ്വാസമില്ലെന്നും അപർണ കുറിച്ചു.
'ഈ പ്രായത്തിനുള്ളിൽ ഞാന്‍ ജീവിതത്തിന്റെ പല വഴികളും മാറ്റിപ്പിടിച്ചു. മീഡിയയിൽ ജോലി ചെയ്ത്, പിന്നീട് ഫ്ലൈറ്റ് അറ്റൻഡന്റായി. അതിനുശേഷം ഞാൻ ശരിക്കും ആസ്വദിക്കുന്ന ഒന്നിലേക്ക് തിരിച്ചെത്തി, കണ്ടന്റ് ക്രിയേഷൻ,” എന്നാണ് അപർണ കുറിച്ചത്.
സ്വന്തം കഴിവുകൾ പൂർണമായി പുറത്തെടുക്കാൻ സാധിക്കാതെ പോകുമോ എന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നും അപർണ പറയുന്നു. വലിയ കാര്യങ്ങൾ ചെയ്യാനാണ് താൻ ജനിച്ചതെന്ന് എപ്പോഴും തോന്നാറുണ്ടെന്നും പ്രായം കൂടുന്തോറും ആ ഭയവും വർധിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
32 വയസായെന്ന് അംഗീകരിക്കുന്നതിൽ തനിക്ക് മടിയില്ലെന്നും അപർണ പറയുന്നു. ജീവിതത്തിൽ പല വഴികൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും തന്റെ യാത്രയെ സ്നേഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ എനിക്ക് അറിയാമെന്ന് തോന്നാറുണ്ട്. പക്ഷേ ഏതെങ്കിലും ഒന്നിൽ ഞാൻ അത്രയധികം മികച്ചുനിൽക്കുന്ന ആളാണോ എന്ന് അറിയില്ല. പക്ഷേ അതെന്നെ അലട്ടാറില്ല, കാരണം കഴിവുള്ള ഒരുപാട് മനുഷ്യർ എനിക്ക് ചുറ്റുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാവിലെ നേരത്തെ എഴുന്നേൽക്കാൻ വർഷങ്ങളായി ശ്രമിച്ചിട്ടും രാവിലെ എട്ട് മണിക്ക് മുമ്പ് എഴുന്നേറ്റാൽ ആ ദിവസം മുഴുവൻ പാഴായതുപോലെ തോന്നാറുണ്ടെന്നും അപർണ തന്റെ കുറിപ്പിൽ തമാശയായി പറയുന്നു. ഓൺലൈൻ ഷോപ്പിങ്ങാണ് തന്റെ ‘തെറാപ്പി’യെന്നും വാങ്ങിയ സാധനങ്ങൾ പിന്നീട് തിരിച്ചയക്കേണ്ടി വന്നാലും ഓൺലൈനായി ഓർഡർ ചെയ്യുന്ന നിമിഷം തന്നെ മനസ്സിന് ആശ്വാസം നൽകാറുണ്ടെന്നും അവർ കുറിച്ചു. തന്റെ ജീവിതത്തിലെ മാറ്റങ്ങളെയും അനിശ്ചിതത്വങ്ങളെയും അംഗീകരിച്ചുകൊണ്ടാണ് അപർണ കുറിപ്പ് അവസാനിപ്പിക്കുന്നത്. വളർച്ച എപ്പോഴും ഒരുപോലെയോ നേർരേഖയിലോ ആയിരിക്കില്ല, നന്ദിയുള്ളവരായിരിക്കുക എന്നും അപര്‍ണ തന്‍റെ കുറിപ്പിലൂടെ ഓര്‍മപ്പെടുത്തുന്നു.