പിറന്നാൾ ദിനത്തിൽ വേറിട്ട കുറിപ്പുമായി അഖിൽ മാരാർ. സത്യത്തിനും ധർമത്തിനും നീതിക്കും സമൂഹത്തിൽ യാതൊരു വിലയുമില്ലെന്ന് വിമർശിച്ച അഖിൽ മാരാർ, ഇനി ആരെയും ശല്യപ്പെടുത്താനില്ലെന്നും കുറിച്ചു. രാഷ്ട്രീയത്തിൽനിന്ന് പിന്മാറുകയല്ലെന്നും എന്നാൽ സത്യം മുറുകെപ്പിടിക്കുന്നവർക്ക് രാഷ്ട്രീയം പറ്റിയതല്ലെന്ന് സമൂഹം തന്നെ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
പരിഹാസവും പുച്ഛവും മാത്രം കേട്ട് വളർന്ന ഒരാൾ സമൂഹത്തിൽ റിബലായി മാറുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ കുറിപ്പ് ആരംഭിക്കുന്നത്. ‘നിലപാട്’ എന്ന വാക്കും അഖിൽ മാരാരും കേരളത്തിൽ എത്രത്തോളം ചർച്ചയായിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറയുന്നു. എന്നും സത്യത്തിനൊപ്പം നിന്ന തനിക്ക് നിലപാടിൽ മാറ്റമില്ലെന്നും അഖിൽ മാരാർ വ്യക്തമാക്കി.
മറ്റുള്ളവർ നോക്കുമ്പോൾ വലിയ നേട്ടങ്ങളെന്ന് തോന്നുന്ന പലതും സ്വന്തമാക്കിയപ്പോഴും, സാധാരണക്കാർക്കുവേണ്ടി ശബ്ദിക്കണമെന്ന ആഗ്രഹമാണ് തന്നെ മുന്നോട്ടുനയിച്ചതെന്ന് അഖിൽ മാരാർ പറയുന്നു. എന്നാൽ സത്യത്തിനും ധർമത്തിനും നീതിക്കും സമൂഹത്തിന് മുന്നിൽ വിലയില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞെന്നും അദ്ദേഹം കുറിച്ചു.
Read More: എല്ലാം ഉപേക്ഷിച്ചിറങ്ങാമെന്ന് തീരുമാനിച്ച ഞാന്‍ ചതിക്കപ്പെട്ടു'; അഖില്‍ മാരാര്‍
അഖിൽ മാരാരുടെ കുറിപ്പിങ്ങനെ:
നാളെ സെപ്റ്റംബർ 7, ഞാൻ ജനിച്ച ദിവസമാണ്...പരിഹാസവും പുച്ഛവും മാത്രം കേട്ട് വളർന്ന ഒരുവൻ സമൂഹത്തിൽ റിബലായി മാറുന്നത് സ്വാഭാവികമാണല്ലോ. ഞാനും ഒരു റിബലായിരുന്നു. ‘നിലപാട്’ എന്ന വാക്കും അഖിൽ മാരാരും കേരളത്തിൽ എത്രത്തോളം ചർച്ചയായെന്ന് നിങ്ങൾക്കറിയാം. എന്നും സത്യം മുറുകെപ്പിടിച്ച എനിക്ക് നിലപാടിൽ ഒരു മാറ്റവുമില്ല. അന്നും ഇന്നും സത്യത്തിനൊപ്പം മാത്രം. ആരെയും പേടിച്ച് അഭിപ്രായം പറയാതെ ഓടിയൊളിച്ചവനല്ല. എന്റെ ഉള്ളിലെ സത്യം കണ്ടാവാം ഈശ്വരൻ എനിക്കൊപ്പം കൂടിയത്.
മറ്റുള്ളവർ നോക്കിയാൽ വലിയ നേട്ടമെന്ന് തോന്നുന്ന നിരവധി നേട്ടങ്ങൾ എനിക്ക് ലഭിച്ചപ്പോഴും, ഒന്നുമല്ലാതെ പോയ എന്റെ നാട്ടിലെ സാധാരണക്കാർക്കുവേണ്ടി ശബ്ദിക്കണം എന്നാഗ്രഹിച്ച എനിക്ക് ഒരു യാഥാർഥ്യം തിരിച്ചറിയാൻ കഴിഞ്ഞു. സത്യത്തിനും ധർമത്തിനും നീതിക്കും സമൂഹത്തിന് മുന്നിൽ യാതൊരു വിലയുമില്ല. ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല. അന്ധത മൂടിയ സമൂഹത്തിൽ സത്യം വിളിച്ചുപറഞ്ഞാൽ ഉൾക്കൊള്ളാൻ ബോധമില്ലാത്ത മനുഷ്യർക്കിടയിൽ എനിക്ക് സ്ഥാനമില്ല. വാക്കുകൾ മാറ്റി സമൂഹത്തെ പറ്റിക്കുന്ന കപട രാഷ്ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ.
ഇല്ലാതാക്കാൻ നോക്കുന്ന സമൂഹത്തിൽ നിങ്ങൾക്കുവേണ്ടി മിണ്ടാനും നിങ്ങളുടെ ശബ്ദമാകാനും കൊതിച്ച ഞാൻ നിശബ്ദത പാലിക്കുകയാണ്. ഞാൻ എന്നെ കൊല്ലുകയാണ്. ഞാൻ ഞാനല്ലാതെ ജീവിക്കാൻ തുടങ്ങുകയാണ്. എല്ലാം കണ്ടും കേട്ടും മിണ്ടാതെ ജീവിക്കാൻ ശീലിക്കുകയാണ്.
രാഷ്ട്രീയം ഉപേക്ഷിച്ചതല്ല. സമൂഹം എന്നെ പഠിപ്പിച്ചതാണ് സത്യം മുറുകെപ്പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്ന്. കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ. നിങ്ങൾ അവർക്കുവേണ്ടി വാഴ്ത്തുകൾ നേരട്ടെ. മാരാർ സ്വന്തം ജീവിതം ആസ്വദിച്ച് ജീവിക്കും.
തന്റെ നിലപാടിൽ മാറ്റമില്ലെന്നും അന്നും ഇന്നും സത്യത്തിനൊപ്പം മാത്രമാണെന്നും ആവർത്തിച്ചാണ് അഖിൽ മാരാർ കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചും പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.