Image: facebook.com/RameshPisharodyofficial
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി സുഹൃത്തും നടനും എം.എൽ.എയുമായ രമേശ് പിഷാരടി. ചെന്നൈയിൽ മമ്മൂട്ടിക്കൊപ്പമുള്ള ജന്മദിനാഘോഷങ്ങൾക്ക് ശേഷം മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു പിഷാരടി. തന്റെ ഓർമ്മകൾ തുടങ്ങിയ കാലം മുതൽ ഇന്നു വരെ ഒപ്പം ജ്വലിച്ചു നിൽക്കുന്ന സൂര്യനാണ് മമ്മൂട്ടിയെന്നും, വർഷങ്ങൾക്ക് ഇപ്പുറവും അത് അതുപോലെ തുടരുകയാണ്. എത്ര വർഷങ്ങൾ കഴിഞ്ഞാലും മമ്മൂട്ടിയെന്ന വിസ്മയം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
തന്റെ ജന്മദിനത്തിൽ പാലക്കാട്ടെ ജനങ്ങൾക്കായി വലിയൊരു സ്നേഹസമ്മാനമാണ് മമ്മൂട്ടി നൽകിയതെന്ന് രമേശ് പിഷാരടി അറിയിച്ചു. ‘ഞാൻ ഇന്നലെ പാലക്കാടായിരുന്നു. രാത്രിയിലെ വിമാനത്തില്‍ ചെന്നൈയില്‍ എത്തിയതാണ്. ഇപ്പോള്‍ തിരിച്ച് പാലക്കാട്ടേക്ക് പോകുന്നു. പിറന്നാള്‍ കേക്ക് മുറിക്കാന്‍ വന്നതാണ്. മാത്രവുമല്ല അദ്ദേഹം പാലക്കാടിന് ഒരു വലിയ സ്നേഹ സമ്മാനം ഇന്നത്തെ ദിവസം തന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ 'കെയർ ആൻഡ് ഷെയർ' ചാരിറ്റബിൾ ട്രസ്റ്റും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി ചേർന്ന് പതിനഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ആറു മുതൽ പത്തു ലക്ഷം രൂപ വരെ ചെലവ് വരുന്ന ഏകദേശം 50 ശസ്ത്രക്രിയകളാണ് ചെയ്യുക. വലിയൊരു കാര്യമാണ്, വലിയ സന്തോഷം തരുന്ന കാര്യമാണ്’– രമേഷ് പിഷാരടി പറഞ്ഞു.
ALSO READ: കാലം തോൽപ്പിക്കാത്ത താരം; മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ ...
കഴിഞ്ഞ കുറെ പിറന്നാളുകൾക്ക് ഒപ്പമുണ്ടാവാന്‍ സാധിക്കുന്നതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരാൻ ശ്രമിക്കും എന്ന് പറഞ്ഞിരുന്നു ആ ശ്രമം എവിടെ വരെയായി എന്ന ചോദ്യത്തിന് അതിനകത്ത് വലിയ പ്രശ്നങ്ങളൊന്നുമില്ല ചെയ്യാവുന്ന കാര്യമേയുള്ളൂ എന്നായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം. ‘അന്ന് സിനിമാ താരങ്ങളെ ആരെയും പ്രചരണത്തിന് കൊണ്ടുവരേണ്ടാ എന്ന് തന്നെയായിരുന്നു എന്‍റെ തീരുമാനം. കാരണം നമ്മള്‍ അവരെ വെറുതേ സൈബര്‍ ബുള്ളിയിങിന് ഇട്ടുകൊടുത്ത് നമ്മളായിട്ട് നമ്മുടെ സൗഹൃദം അങ്ങനെ ദുരുപയോഗം ചെയ്യരുതെന്നും ആ അഡ്രസ് ഉപയോഗിക്കാതെ ജയിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ടുമാണ് അങ്ങനെ പറഞ്ഞത്. അപ്പോള്‍ ഇക്കാര്യം ചോദിച്ചവരോട് ശ്രമിക്കാം എന്ന് വാക്കുനല്‍കുകയായിരുന്നു’– അദ്ദേഹം പറഞ്ഞു.
‘എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ ഒരു പരോക്ഷമായ സാന്നിധ്യം, അതായത് നാളത്തെ തലമുറയിലെ കുഞ്ഞുങ്ങൾക്ക് ഇത്രയും വലിയൊരു കാര്യം, ആറ് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ ചെലവ് വരുന്ന അൻപത് ശസ്ത്രക്രിയകളാണ് സൗജന്യമായിട്ട് ചെയ്തുതരാം എന്ന് പറഞ്ഞത്. വലിയ കാര്യമല്ലേ?’– അദ്ദേഹം പറയുന്നു.
പിറന്നാൾ രാത്രിയിൽ കൊച്ചിയിലെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ നിരാശരാക്കാതെ മമ്മൂട്ടി വിഡിയോ കോൾ വഴി സംസാരിച്ചതിനെക്കുറിച്ചും രമേഷ് പിഷാരടി സംസാരിച്ചു. ദൂരദേശങ്ങളിൽ നിന്നും സ്നേഹത്തോടെ എത്തിയ ആരാധകരെ വിഡിയോ കോളിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മമ്മൂട്ടി. ‘അതും സ്നേഹം തന്നെയാണല്ലോ. ആ സ്നേഹത്തെ നമ്മൾ അഡ്രസ് ചെയ്യാതിരിക്കുക എന്ന് പറയുന്നത് അദ്ദേഹത്തിന് സാധിക്കുന്ന ഒരു കാര്യമല്ല അതുകൊണ്ട് ചെയ്തതാണ്. ദുല്ഖർ സൽമാൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും ചെന്നൈയിലെ ലളിതമായ ജന്മദിനാഘോഷങ്ങളിൽ പങ്കുചേർന്നിരുന്നു’– അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രമേഷ് പിഷാരടി– മമ്മൂക്ക കൂട്ടുകെട്ടില്‍ ഒരു സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സിനിമ സംവിധാനവും അഭിനയവുമൊക്കെ നിർത്തിവെച്ചിട്ടാണല്ലോ എംഎല്‍എയായി നിൽക്കുന്നത് അതുകൊണ്ട് അതില്ല എന്നായിരുന്നു പിഷാരടിയുടെ പ്രതികരണം. മാത്രമല്ല, എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിൽ നൂറു ശതമാനം ആത്മാർത്ഥതയോടെ പ്രവർത്തിക്കാനാണ് മമ്മൂക്ക തനിക്ക് നൽകിയ ഉപദേശമെന്നും, അതിനാൽ സിനിമയോ അഭിനയമോ മിസ്സ് ചെയ്യുന്നു എന്ന ചിന്തയ്ക്കപ്പുറം ജനസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും രമേശ് പിഷാരടി കൂട്ടിച്ചേർത്തു.
‘തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം, ജയിച്ചു കഴിഞ്ഞ് കാണുകയും സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. ആശംസകൾ അറിയിച്ചു. ഒരു ധൈര്യമാണത്. നമ്മൾ എപ്പോഴും പറയുന്നത് അതിന് സ്നേഹം ബഹുമാനം എന്നെല്ലാമാണ്, എന്നാല്‍ അതിനപ്പുറം ചിലപ്പോഴൊക്കെ നമുക്ക് അദ്ദേഹത്തെപ്പോലെ ഒരാൾ നമ്മുടെ ഫീല്‍ഡില്‍ ഇങ്ങനെ ഉണ്ടായിരിക്കുന്നത് മാതൃകയായിരിക്കും. അത് ഒരു ധൈര്യമാണ്’– രമേഷ് പിഷാരടി പറയുന്നു.