വിവാദങ്ങൾക്കിടെ നടൻ രവി മോഹനും സുഹൃത്തും ഗായികയുമായ കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന വിഡിയോ സോഷ്യൽമീഡിയയിൽ വൈറൽ. രവി മോഹൻ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കെനീഷയ്ക്ക് കൈമാറുന്നതും തുടർന്ന് കെനീഷ അത് വലിക്കുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്.
ഇരുവരും വലിക്കുന്നത് കഞ്ചാവാണെന്ന തരത്തിലുള്ള ആരോപണങ്ങളും വിഡിയോയ്ക്ക് പിന്നാലെ സോഷ്യൽമീഡിയയിൽ ഉയർന്നിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി. എന്നാൽ പ്രചരിക്കുന്ന വിഡിയോ യഥാർഥമാണോ, എഡിറ്റ് ചെയ്തതാണോ, എഐ സഹായത്തോടെ സൃഷ്ടിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിഡിയോയുടെ ഉറവിടത്തെക്കുറിച്ചും സ്ഥിരീകരണമില്ല.
രവി മോഹനും കെനീഷയും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രവി മോഹനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി കെനീഷ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ വിഡിയോ പുറത്തുവന്നതോടെ കെനീഷ പറഞ്ഞത് കള്ളമാണെന്നും ഇരുവരും ഇപ്പോഴും അടുത്ത ബന്ധത്തിലാണെന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽമീഡിയയിൽ സജീവമായത്. ഈ വിഷയത്തില്‍ നടന്‍റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
രവി മോഹനും ഭാര്യ ആരതിയുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ നടനെ തുടക്കത്തില്‍ പിന്തുണച്ചവര്‍ പോലും പുതിയ വിഡിയോ വന്നതോടുകൂടി നിലപാട് മാറ്റി. നടനോടുണ്ടായിരുന്ന ബഹുമാനം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും ഇപ്പോഴാണ് സത്യം അറിയുന്നതെന്നും പലരും വിഡിയോയുടെ അടിയില്‍ കുറിച്ചു. എന്നാല്‍ നടനെ പിന്തുണച്ചും നിരവധി ആരാധകരെത്തുന്നുണ്ട്. വിഡിയോയിലെ ദൃശ്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ഇരുവരുടെയും വ്യക്തിബന്ധത്തെ കുറിച്ച് നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് പുകവലിക്കുന്നത് കൊണ്ടുമാത്രം അവര്‍ തമ്മില്‍ പ്രണയബന്ധമുണ്ടെന്ന് കരുതാനാകില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ പ്രതികരണം.
രവി മോഹനും ഭാര്യ ആരതിയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങളും കെനീഷ ഫ്രാൻസിസുമായുള്ള നടന്‍റെ ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. രവി മോഹൻ വീട്ടിൽനിന്ന് മാറി കെനീഷയ്ക്കൊപ്പം കഴിയുകയാണെന്നായിരുന്നു ആരതി ഉന്നയിച്ച ആരോപണങ്ങളിലൊന്ന്. പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാൻ പലതവണ ശ്രമിച്ചിട്ടും രവി കാണാൻ തയ്യാറായില്ലെന്നും ആരതി ആരോപിച്ചിരുന്നു. എന്നാൽ ആരതിയും കുടുംബവും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് രവി മോഹന്റെ വാദം. ആരതിയുമായി വീണ്ടും ഒരുമിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.