കോഴിക്കോട് മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ യുവതി ഉപേക്ഷിച്ചത് ഗർഭിണിയായിരുന്ന കാര്യം വീട്ടുകാർ അറിയാതെയിരിക്കാൻ. കഴിഞ്ഞ ദിവസമാണ് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ യുവതി ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വിദേശത്ത് ജോലിയുള്ള യുവതി പ്രസവത്തിനായി കോഴിക്കോട് എത്തുകയായിരുന്നു. വിവാഹ മോചിതയായ യുവതി സുഹൃത്തിൽ നിന്നാണ് ഗർഭം ധരിച്ചത്. ഇത് വീട്ടുകാർക്ക് അറിയില്ലായിരുന്നു.
യുവതി ഗര്‍ഭിണിയാണെന്ന വിവരം അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. ഈ മാസം എട്ടിനാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയത്. വയനാട് സ്വദേശി എന്ന വിലാസം ആണ് ആശുപത്രിയിൽ നൽകിയത്. പ്രസവശേഷം ഇവര്‍ 12നാണ് ആശുപത്രിയില്‍ നിന്നും പോകുന്നത്. പിന്നീട് കുഞ്ഞിന് സുഖമില്ലെന്നും പറഞ്ഞാണ് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. പെൺ സുഹൃത്തിന്‍റെ അമ്മയെയാണ് പ്രസവനത്തിന് കൂട്ടിരിപ്പുകാരിയായി കൊണ്ടുവന്നത്.
കഴിഞ്ഞദിവസം കുഞ്ഞിനെ കൂട്ടിരിപ്പുകാരിയെ നോക്കാൻ ഏൽപ്പിച്ചാണ് യുവതി മുങ്ങിയത്. രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും യുവതി തിരിച്ചെത്താതിരുന്നതോടെയാണ് സ്ത്രീ വെള്ളിയാഴ്ച വൈകിട്ടോടെ മെഡിക്കല്‍ കോളജ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി ആശുപത്രിയിൽ നൽകിയ വയനാട്ടിലെ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ട സീതത്തോട് നിന്ന് യുവതിയെ പൊലീസ് കണ്ടെത്തിയത്.
സംഭവത്തിന് ശേഷം മുങ്ങിയ വീട്ടിലാണ് നേരെ എത്തിയത്. പിടിയിലായ യുവതി മൂന്നു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണ്. പൊലീസ് ബന്ധപ്പെട്ടതോടെയാണ് ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തിയത്. കുഞ്ഞിനെ ശിശു സംരക്ഷണ സമിതിക്ക് കൈമാറി.