മഴക്കെടുതിയിൽ മുങ്ങിത്താണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ജമ്മുകശ്മീർ ഹിമാചൽ ഉത്തരാഖണ്ഡ് പഞ്ചാബ് എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ദുരിതം മറികടക്കാനുള്ള സഹായം നൽകുന്നതിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു.
തുടർച്ചയായ മഴയും ആവർത്തിച്ചുള്ള മണ്ണിടിച്ചിലും മേഘവിസ്ഫോടനവും ജമ്മുകശ്മീർ ഹിമാചൽ ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സ്ഥിതി ദുരിത പൂർണ്ണമാക്കിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല. ഹിമാചലിലെ കിന്നൗറിൽ ശക്തമായ മണ്ണിടിച്ചിലിൽ ദേശീയപാത 72 ന്റെ വലിയ ഭാഗം തകർന്നു. മഴയും മഞ്ഞും കാഴ്ചപരിധി കുറച്ചു. അതിനാൽ കൽപ്പയിൽ കുടുങ്ങിയ മലയാളികളുടെ തിരിച്ചുവരവ് വൈകുകയാണ്. ഡൽഹിയിൽ ഓറഞ്ച് അലർട്ടും പ്രളയ മുന്നറിയിപ്പും തുടരുകയാണ്. ഹരിയാന ഒഴുക്കുന്ന വെള്ളത്തിൻ്റെ അളവ് വർധിച്ചതോടെ യമുന നദിയിൽ ജലനിരപ്പ് ഉയർന്നു. യമുനയ്ക്ക് കുറുകെയുള്ള ഇരുമ്പുപാലം അടച്ചിടും .
ഗുഡ്ഗാവ്, നോയിഡ തുടങ്ങിയിടങ്ങളിൽ വിദ്യാലയങ്ങൾക്ക് അവധി നൽകി. ഗുഡ്ഗാവിൽ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകി. രാഷ്ട്രീയം കളിക്കാതെ ദുരിതമനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് ഉടൻ പാക്കേജ് നൽകണം എന്നും നഷ്ടപരിഹാരം ഉറപ്പാക്കാൻ PM CARES ഫണ്ട് ഉപയോഗിക്കണം എന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു.