ഏഴു വര്‍ഷത്തോളമായി കാണാതായ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം ഇന്‍സ്റ്റാ റീലില്‍ കണ്ടെത്തി ഭാര്യ. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. 2017ലാണ് ഷീലുവും ജിതേന്ദ്ര കുമാറും വിവാഹിതരായത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരുടേയും ബന്ധം വഷളായി. പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് ഷീലുവിനെ പീഡിപ്പിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ജിതേന്ദ്രക്കെതിരെ ഷീലുവിന്റെ കുടുംബം പരാതി നല്‍കി.
കേസ് നടന്നുകൊണ്ടിരിക്കേ ജിതേന്ദ്രയെ ഒരു ദിവസം പെട്ടെന്ന് കാണാതായി. 2018 ഏപ്രിൽ 20-ന് ജിതേന്ദ്രയുടെ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ തുമ്പും വാലും കിട്ടാതിരുന്നതിനെത്തുടര്‍ന്ന് ജിതേന്ദ്രയെ ഷീലുവും കുടുംബവും കൊലപ്പെടുത്തിയതാണെന്നുവരെ സംശയങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ കൃത്യമായ തെളിവുകളൊന്നും തന്നെ ലഭിക്കാത്തതിനാല്‍ കേസ് പുരോഗമിച്ചില്ല. വർഷങ്ങളോളം ജിതേന്ദ്ര എവിടെയാണെന്ന് അറിയാന്‍ ഷീലുവിനോ പൊലീസിനോ സാധിച്ചില്ല. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇപ്പോള്‍ ഒരു ഇന്‍സ്റ്റാ റീലിലൂടെ ഷീലു ഭര്‍ത്താവിനെ കണ്ടെത്തിയത്. എന്നാല്‍ മറ്റൊരു പെണ്ണിനൊപ്പമുള്ള റീല്‍ ആണ് കാണാനായത്. ഇത് ജിതേന്ദ്രയുടെ രണ്ടാംഭാര്യയാണെന്നാണ് സംശയിക്കുന്നത്. ഷീലു സംഭവം ഉടന്‍ തന്നെ കോട്വാലി സാൻഡില പോലീസിനെ അറിയിച്ചു.