chinnaya-dharmasthala

ധര്‍മസ്ഥലയില്‍ കൂട്ട കൊലപാതകം നടന്നെന്ന ആരോപണത്തിന് പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യ. കേസില്‍ ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വ്യക്തമാക്കി. ചിന്നയ്യ ഹാജരാക്കിയ തലയോട്ടി ലാബില്‍ നിന്നുള്ളതല്ലെന്നും എസ്ഐടി വ്യക്തമാക്കി. 

ചിന്നയ്യ ഹാജരാക്കിയ തലയോട്ടിയുടെ ഫോറന്‍സിക് പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ഇതിന് 40 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തലയോട്ടി നല്‍കിയ ആളെ പറ്റി ചിന്നയ്യ അന്വേഷണ സംഘത്തോട് വിവരിച്ചു. അതേസമയം കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ആക്‌ഷൻ കമ്മിറ്റി പ്രവർത്തകൻ മഹേഷ് ഷെട്ടി തിമ്മരോടിയുടെ ഉജിരെയിലെ വീട്ടിൽ പരിശോധന നടത്തി. ചിന്നയ്യക്കൊപ്പമായിരുന്നു പരിശോധന. രണ്ടു മാസത്തോളം മഹേഷ് ഷെട്ടിയുടെ വീട്ടിലാണ് ചിന്നയ്യ താമസിച്ചിരുന്നത്. ബിജെപി ദേശിയ ജനറല് സെക്രട്ടറി ബിഎല്‍ സന്തോഷിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മഹേഷ് ഷെട്ടി നിലവില്‍ ജാമ്യത്തിലാണ്. 

കേസിലെ വെളിപ്പെടുത്തലുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ എംഡി സമീറിനെ തിങ്കളാഴ്ചയും എസ്ഐടി ചോദ്യം ചെയ്തിരുന്നു. സമീറിന്‍റെ വരുമാന സ്രോതസുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം. വിഡിയോകളില്‍ നിന്ന് സമീറിന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയാണ് നടത്തുന്നത്. 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സമീര്‍ പരിശോധനയ്ക്ക് ഹാജരായത് മഹേഷ് ഷെട്ടിയുമായി ബന്ധപ്പെട്ടവരുടെ വാഹനത്തിലാണ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് എത്തിയ വാഹനം മഹേഷ് ഷെട്ടിയുടെ സഹോദരന്‍ മോഹന്‍ ഷെട്ടിയുടേതാണ്. ഞായറാഴ്ചയും ഇതേകാറിലാണ് സമീര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ഞായറാഴ്ച വാഹനം ഓടിച്ചത് മോഹന്‍ ഷെട്ടിയുടെ മകനാണ്. നിലവില്‍ മഹേഷ് ഷെട്ടിയുടെ വീട്ടിലാണ് സമീര്‍ കഴിയുന്നതെന്നാണ് വിവരം. 

ധർമസ്ഥലയിൽ കൊലപാതക പരമ്പരകൾ നടന്നു എന്ന മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലാണ് നിലവിലെ കേസുകള്‍ക്ക് ആധാരം. ധർമസ്ഥലയിൽ മഞ്ജുനാഥ ക്ഷേത്രം അധികാരികളുടെ ഭീഷണിക്കുവഴങ്ങി നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലാണ് ചിന്നയ്യ നടത്തിയത്. ചിന്നയ്യ കാണിച്ചു നല്‍കിയ സ്ഥലത്ത് കുഴിച്ചു നടത്തിയ പരിശോധനയ്ക്ക് ശേഷം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

ENGLISH SUMMARY:

Dharmasthala murder case: A former sanitation worker, Chinnayya, revealed who was behind the allegations of mass murder in Dharmasthala. The SIT has stated that if evidence connecting them to the case is found, they will be taken into custody for questioning.