അപകടസ്ഥലത്ത് ആംബുലന്‍സ് എത്തിപ്പെടാത്തതിനെത്തുടര്‍ന്ന് യുവാവിന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടുപോകുന്ന തെലങ്കാന പൊലീസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 28കാരനായ മോഗുലയ്യയുടെ മൃതദേഹമാണ് ഉന്തുവണ്ടിയില്‍ കൊണ്ടുപോയത്. മൃതദേഹത്തിന്റെ പാതിഭാഗം ഉന്തുവണ്ടിയിലും പാതിഭാഗം പുറത്തേക്കും തൂങ്ങിനില്‍ക്കുന്ന നിലയിലാണ് പൊലീസ് കൊണ്ടുപോകുന്നത്. മൃതദേഹത്തോട് കാണിക്കുന്ന അനാദരവാണിതെന്ന് സോഷ്യല്‍മീഡിയയിലുള്‍പ്പെടെ അഭിപ്രായം ഉയര്‍ന്നു.
ഞായറാഴ്ച്ച ശിവാജി ചൗക്കില്‍ വച്ചാണ് സംഭവം. ഇരുചക്രവാഹനത്തില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ ടിപ്പര്‍ലോറിയിടിച്ച് മോഗുലയ്യയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മോഗുലയ്യ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടസ്ഥലത്തെത്തിയ പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കൊസ്ഗി ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് വിളിച്ചു. വെറും അര കിലോമീറ്റര്‍ ദൂരം മാത്രമേ ആശുപത്രിയിലേക്കുണ്ടായിരുന്നുള്ളൂ.
എന്നാല്‍ പലതവണ വിളിച്ചിട്ടും ആംബുലന്‍സ് എത്തിയില്ല, പിന്നാലെ സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടി ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയിലേക്കെത്തി. പിന്നീട് മൃതദേഹം മാറ്റാനായി പച്ചക്കറി കൊണ്ടുപോകുന്ന ഉന്തുവണ്ടി ഉപയോഗിക്കാനായി പൊലീസ് തീരുമാനിച്ചു. ഉടമയുടെ അനുമതി പോലും തേടാതെ സമീപത്തു നിര്‍ത്തിയിട്ടിരുന്ന ഉന്തുവണ്ടി ഉപയോഗിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
ഒരു മൃതദേഹത്തിനോട് പൊലീസ് കാണിച്ച അനാദരവിനെതിരെ കണ്ടുനിന്നവരെല്ലാം പ്രതിഷേധമറിയിച്ചു. സ്ഥലത്ത് കൂടുതല്‍ പ്രശ്നങ്ങളും ട്രാഫിക് ബ്ലോക്കും ഉണ്ടാവാതിരിക്കാനാണ് ഉന്തുവണ്ടി ഉപയോഗിച്ചതെന്നായിരുന്നു നാരായണ്‍പേട്ട് പൊലീസ് സൂപ്രണ്ടിന്റെ പ്രതികരണം. വണ്‍വേ റോഡ് ആയതും പരിസരത്ത് ചന്ത പ്രവര്‍ത്തിക്കുന്നതും ആംബുലന്‍സിന് എത്തിപ്പെടാന്‍ അസൗകര്യമുണ്ടാക്കിയെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.