ഉത്തര്‍പ്രദേശിലെ മീററ്റിലെ ടോള്‍ പ്ലാസയിലുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് സൈനികനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് ജീവനക്കാര്‍. മര്‍ദനത്തിന്‍റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ പൊലീസ് നാല് ടോൾ ബൂത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സൈന്യത്തിന്‍റെ രജപുത് റെജിമെന്റിൽ സേവനമനുഷ്ഠിക്കുന്ന സൈനികന്‍ കപിൽ കവാദിന് നേരെയാണ് ആക്രമണമുണ്ടായത്.

അവധിക്കാലം ആഘോഷിക്കാൻ നാട്ടിലെത്തിയതായിരുന്നു കപില്‍. തിരിച്ച് ശ്രീനഗറിലെ ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനായി ഡൽഹി വിമാനത്താവളത്തിലേക്ക് കാറില്‍ പോകുകയായിരുന്നു. എന്നാല്‍ തിരക്കേറിയ ഭൂനി ടോൾ ബൂത്തിലെ ഗതാഗതക്കുരുക്കില്‍ കപിലും ബന്ധുവും കുടുങ്ങുകയായിരുന്നു. വിമാനത്താവളത്തില്‍ എത്തുമോ എന്ന ആശങ്കയില്‍ കാറില്‍ നിന്നറങ്ങിയ കപില്‍ ടോൾ ബൂത്ത് ജീവനക്കാരോട് സംസാരിക്കാൻ തുടങ്ങി. പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. അഞ്ച് ടോൾ ബൂത്ത് ജീവനക്കാർ കപിലിനെയും ബന്ധുവിനെയും ടോള്‍ പ്ലാസയിലെ തൂണില്‍ കൈകള്‍ പിന്നിലേക്ക് കെട്ടിയിട്ട് അസഭ്യം പറയുകയും മര്‍ദിക്കുകയായിരുന്നു. 

പ്രചരിക്കുന്ന വിഡിയോയില്‍ ഇരുവരെയും വടികൊണ്ട് മര്‍ദിക്കുന്നത് വ്യക്തമാണ്. സംഭവത്തില്‍ കുടുംബത്തിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തന്റെ ഗ്രാമം ടോൾ നിരക്കുകളിൽ നിന്ന് ഒഴിവാക്കിയ പ്രദേശമാണെന്ന് കപിൽ പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ENGLISH SUMMARY:

A shocking incident occurred at a toll plaza in Meerut, Uttar Pradesh, where a soldier of the Rajput Regiment, Kapil Kavadh, was brutally assaulted by toll booth staff after a dispute. Viral videos on social media show the soldier and his relative tied to a pole and beaten with sticks. The soldier, who was returning to duty in Srinagar after visiting home, was attacked when he questioned staff about delays at the busy Bhuni toll plaza. Police have registered a case and arrested four toll employees identified through CCTV footage, while a search is ongoing for others involved. The attack has sparked outrage, with many questioning how frontline soldiers face such humiliation while serving the nation.