ഹിമാചല്‍ പ്രദേശിലെ നാല് ജില്ലകളില്‍ മേഘവിസ്ഫോടനവും മിന്നല്‍പ്രളയവും. നാലുപേര്‍ കുടുങ്ങി. ഒരാള്‍ക്ക് പരുക്കേറ്റു. ഡല്‍ഹിയില്‍ കനത്ത മഴയെത്തുടര്‍ന്ന് ബൈക്കില്‍ മരംവീണ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഒരു കാറിന് മുകളിലും മരം വീണു. ഉത്തരാഖണ്ഡ്, യുപി, ഡല്‍ഹി എന്നിവിടങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്.
ഹിമാചലിലെ കിന്നൗര്‍, കുളു, ലാഹോള്‍ – സ്പിതി, ഷിംല എന്നീ ജില്ലകളിലാണ് മേഘവിസ്ഫോടനമുണ്ടായത്. കനത്ത മഴയില്‍ കിന്നൗറിലെ റിഷി ദോഗ്രിയില്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്‍റെ ക്യാംപ് ഒഴുകിപ്പോയി. രണ്ട് ദേശീയപാതകളടക്കം സംസ്ഥാനത്ത് 325 റോഡുകള്‍ അടച്ചു. രണ്ട് പാലങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
നദീതീരങ്ങളില്‍നിന്ന് നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഉത്തരാഖണ്ഡിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. അടുത്ത നാല് ദിവസം ഉത്തരാഖണ്ഡിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴയെ തുടർന്ന് യുപി ലക്നൗവിൽ പന്ത്രണ്ടാം ക്ലാസ് വരെ അവധി നൽകി. ഡൽഹിയിലും ശക്തമായ മഴയാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും വാഹനങ്ങള്‍ കുടുങ്ങി ഗതാഗതക്കുരുക്കും രൂക്ഷമാണ്. വെള്ളക്കെട്ടും രൂപപ്പെട്ടു.