എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ചിരിക്കുകയാണ് ഇന്തൊനേഷ്യയും ശ്രീലങ്കയും തായ്‌ലന്‍ഡും. മരണ സംഖ്യ ഇതിനകം ആയിരം കടന്നുകഴിഞ്ഞു. തെക്കന്‍ തായ്‌ലന്‍ഡില്‍ മാത്രം 80 പേരാണ് മരിച്ചത്. മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹാറ്റ് യായ് ഉൾപ്പെടെ 12 പ്രവിശ്യകളിലായി ഏകദേശം 30 ലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തു. ഇതിനിടയില്‍ ഭാര്യയോട് ബിസിനസ് ട്രിപ്പെന്ന് പറഞ്ഞ് ഇറങ്ങിയ ഭര്‍ത്താവിനെ കാമുകിക്കൊപ്പം തായ്‌ലന്‍ഡ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയതായി കണ്ടെത്തിയ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
സഹപ്രവര്‍ത്തകരോടൊപ്പം ബിസിനിസ് ട്രിപ്പിനാണെന്ന് ഗര്‍ഭിണിയായ ഭാര്യയോട് കള്ളം പറഞ്ഞ്, കാമുകിക്കൊപ്പം സമയം ചെലവഴിക്കാനാണ് യുവാവ് തായ്‌ലന്‍ഡില്‍ എത്തിയതെന്നാണ് വിവരം. തായ്‌ലന്‍ഡിലെ പ്രളയബാധിത മേഖലകളിലൊന്നായ ഹാറ്റ് യായിയിലാണ് യുവാവും കാമുകിയും കുടുങ്ങിയത്. നവംബർ 24 ന് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിന്നുള്ള അപ്‌ഡേറ്റുകൾ പങ്കിടുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ കഥ പ്രചരിച്ചതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
@psmommyhannah എന്ന ഹാൻഡിലില്‍ നിന്നാണ് സംഭവത്തെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നതനുസരിച്ച്, തന്‍റെ ഭര്‍ത്താവ് സഹപ്രവര്‍ത്തകരോടൊപ്പം തായ്‌ലന്‍ഡില്‍ കുടുങ്ങിയിരിക്കുകയാണെന്ന് കരുതി ദുഃഖിതയായ മലേഷ്യൻ യുവതി ഭർത്താവിനെ കണ്ടെത്താൻ സഹായം തേടുകയായിരുന്നു. എന്നാല്‍ ഹോട്ടലിലെത്തി പരിശോധിച്ച രക്ഷാപ്രവര്‍ത്തകരും ഹാറ്റ് യായില്‍ നിന്നുള്ള യുവതിയുടെ ബന്ധുക്കളുംം കണ്ടത് കാമുകിക്കൊപ്പമുള്ള യുവാവിനെയായിരുന്നു. നാലു ദിവസമായി ഇവര്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. യാത്രയ്ക്കിടെ ഇയാള്‍ പലപ്പോഴും ഭാര്യയെ വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നതിനാല്‍ യുവതിക്കും സംശയമൊന്നും തോന്നിയിരുന്നില്ല. യുവാവിന്‍റെ ഭാര്യയെ കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഗര്‍ഭിണിയായ യുവതി തന്‍റെ നാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്.
പിന്നാലെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ‘ജാഗ്രത പാലിക്കുക, ഭർത്താക്കന്മാരെ അധികം വിശ്വസിക്കരുത്’ എന്ന് ഭാര്യമാരെ ഓർമ്മിപ്പിക്കുക എന്നത് മാത്രമാണ് പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നും വൈറലാകാനല്ല പോസ്റ്റ് പങ്കുവച്ചതെന്നും @psmommyhannah അക്കൗണ്ടിന്‍റെ ഉടമ അറിയിച്ചിട്ടുണ്ട്. അതേസമയം, ഈ വാര്‍ത്ത ഹൃദയം തകര്‍ക്കുന്നതാണെങ്കിലും ആ ഭാര്യയെ അറിയിക്കണമെന്ന് കമന്‍റില്‍ ഒരു ഉപയോക്താവ് പറഞ്ഞു. ആദ്യം ഭാര്യയുടെ കുടുംബാംഗത്തെയോ സുഹൃത്തിനെയോ അറിയിക്കുക ശേഷം ആ ഭാര്യയെയും പതിയെ വിവരം അറിയിക്കണമെന്ന് മറ്റൊരാള്‍ നിര്‍ദേശിക്കുന്നുണ്ട്.