എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം
വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരൻ കൊല്ലപ്പെട്ടു. ബവർലി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ പാടിയില്‍ താമസിക്കുന്ന അസം സ്വദേശികളായ തൊഴിലാളികളുടെ മകൻ നൂറുൽ ഇസ്ലാം (8) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഈ മേഖലയിൽ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ കുട്ടിയാണിത്.
തിങ്കാളാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ കണ്ടത് കുട്ടിയുടെ മുഖത്ത് കടിച്ചുകൊണ്ട് തേയിലത്തോട്ടത്തിലൂടെ പുലി വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ്. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വാൽപാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാൽപാറ മേഖലയിൽ പുലിയുടെ ആക്രമണം വർധിച്ചുവരുന്നതിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ജൂൺ 21-ന് ആറുവയസ്സുകാരിയായ ഒരു കുട്ടിയെ പുലി കൊലപ്പെടുത്തിയിരുന്നു. ഇതിനു മുൻപ് ഒക്ടോബറിൽ നാല് വയസ്സുള്ള മറ്റൊരു കുട്ടിയെയും പുലി ആക്രമിച്ചിരുന്നു.