പുതുയുഗ യാത്രയെ നെഞ്ചിലേറ്റിയവര്‍ക്ക് ഒരായിരം നന്ദിയെന്നും യുഡിഎഫ് കേരളത്തെ കൈപിടിച്ച് ഉയര്‍ത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപനസമ്മേളനത്തില്‍ പറഞ്ഞു. പുതുയുഗ യാത്ര വലിയൊരു അനുഭവമായിരുന്നു. നവകേരള മോഡല്‍ യുഡിഎഫിന്റെ വാക്കാണെന്നും വിഡി ഉറപ്പ് നല്‍കി. അധികാരത്തിൽ വരാൻ പോകുന്ന മുന്നണിയാണ് യുഡിഎഫ് .കേരളത്തിൽ മാറ്റം വേണം. വരാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി കേരളത്തെ രാജ്യത്തെ മുൻനിരയിലെത്തിക്കണം. രാജ്യം അദ്ഭുതത്തോടെ നോക്കുന്ന ഒരു പുതിയ കേരള മാതൃക യുഡിഎഫ് കൊണ്ടുവരും. സെക്രട്ടേറിയറ്റിനെ കാര്യക്ഷമമാക്കും. നാടിന് വലിയ മാറ്റമുണ്ടാകുന്ന പദ്ധതികൾ യുഡിഎഫ് നടപ്പിലാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

 

Also Read: സ്ത്രീകൾക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; അഞ്ച് ഉറപ്പുകളുമായി രാഹുല്‍


ഭരണമാറ്റത്തിനായി ജനങ്ങൾ കാതോർത്തു നിൽക്കുകയാണെന്ന് എഐസിസി സംഘടനാ ജനറൽ‌ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. എൽ‌ഡിഎഫ് സർക്കാർ നാടിനെ നശിപ്പിച്ചെന്നും പിണറായി വിജയൻ നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജയുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു. എത്ര പരസ്യം നൽകിയാലും സർക്കാരിന്റെ മുഖം നന്നാക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു വൻകിട വികസനപ്രവർത്തനവും നടന്നില്ല. സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം ഉണ്ടായില്ല. ജനം തുടർ ഭരണത്തിന് ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. യാത്രയുടെ വിജയത്തിന് സഹകരിച്ച എല്ലാവർക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നന്ദി പറഞ്ഞു.

 

 

പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽനിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത്. അതുപോലെയാണ് പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ പറഞ്ഞു

 

അഞ്ചു ഉറപ്പുകളുമായി രാഹുല്‍ 

 

1. സ്ത്രീകൾക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചിലവ് കുറയ്ക്കുകയും ചെയ്യും.   സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോളജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും.

 

2. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർധിപ്പിക്കും.

 

3 ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കും. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

4. സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.

 

5 കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.

ENGLISH SUMMARY:

VD Satheesan's Puduyuga Yatra concludes with a call for change in Kerala, promising a new model for the state. He emphasized UDF's commitment to bringing Kerala to the forefront nationally, ensuring efficient governance and impactful development projects for future generations.