സ്മൃതി മന്ഥന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയില്‍ ഷഫാലി വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ഹര്‍മന്‍പ്രീത് കൗര്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബി.സി.സി.ഐയുടെ പ്രഖ്യാപനം.
സിബാബ്‌വെയ്ക്കെതിരായ ടീമില്‍ ഹര്‍മന്‍ പ്രീതിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നുവീതം ട്വന്‍റി 20 ,ഏകദിന മത്സരങ്ങള്‍ അടങ്ങിയ പരമ്പര 16 ന് റായ്പുരില്‍ തുടങ്ങും. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഹര്‍മന്‍ പ്രീത് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ചത്.
അഞ്ചുടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച 37 കാരിയായ ഹര്‍മന്‍പ്രീത് 51 ഏകദിനങ്ങളിലും 155 ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യയെ നയിച്ചു. ഏകദിന ലോകകപ്പിന് പുറമെ രണ്ട് വീതം ട്വന്‍റി 20 ഏഷ്യാകപ്പ് കിരീടം, ഏഷ്യന്‍ഗെയിംസ് സ്വര്‍ണമെഡല്‍ എന്നിവ നേടി.