ശബരിമലയിലേക്കുള്ള നെയ്യ് ടെൻഡർ ഇത്തവണയും മിൽമയ്ക്ക് നൽകിയേക്കും. നെയ്യ് വാങ്ങുന്നതിനായി രണ്ട് തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് റീ ടെൻഡർ വിളിച്ചെങ്കിലും യോഗ്യരായ വിതരണക്കാരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മിൽമയ്ക്ക് സാധ്യത തെളിയുന്നത്. അൻപതിനായിരം ലീറ്റർ നെയ്യ് ആവശ്യപ്പെട്ടുള്ള ടെൻഡറിൽ മിൽമ ഇത്തവണ പങ്കെടുത്തിട്ടില്ലെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഭാരവാഹികളുമായി ആശയവിനിമയം നടത്തി.
വില അന്തിമമാക്കാൻ മിൽമ ഭാരവാഹികളോട് ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഏജൻസിയെന്ന നിലയിൽ മിൽമയുടെ നെയ്യ് വാങ്ങുന്നതിനോടാണ് താൽപര്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. കഴിഞ്ഞതവണ മിൽമയുടെ പേരിൽ സന്നിധാനത്തേക്ക് വ്യാജ നെയ്യ് എത്തിയതിൽ വിജിലൻസ് അന്വേഷണം തുടരുന്നതിനിടയിലാണ് വീണ്ടും നെയ്യ് കരാറിലേക്ക് മിൽമയുടെ പേര് ചർച്ചയാവുന്നത്.
ശബരിമല നെയ്യ് വിതരണ ക്രമക്കേട് ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ് സർക്കാർ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടത്. എൽ.ഡി.എഫ് ഭരണസമിതി അംഗങ്ങൾ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടി കഴിഞ്ഞദിവസം വീണ്ടും ചുമതലയേൽക്കുകയായിരുന്നു. പിന്നാലെയാണ് ടെൻഡറിൽ പങ്കെടുക്കാനുള്ള താൽപര്യം അറിയിച്ചത്.