സംസ്ഥാനത്തെ സ്വാശ്രയ സ്വയംഭരണ കോളേജുകൾക്കും എയ്ഡഡ് സ്വയംഭരണ കോളേജുകൾക്കും പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതിയും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും നിർബന്ധമല്ലെന്ന വ്യവസ്ഥയിൽ ഉറച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. അക്കാദമിക് സ്വയംഭരണവും കോഴ്സുകൾ ആരംഭിക്കുന്നതിലെ കാലതാമസവും ഒഴിവാക്കാനാണ് സെപ്റ്റംബറിലെ സർക്കുലർ തിരുത്തിയതെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.  

സ്വാശ്രയ കോഴ്സുകൾ തുടങ്ങുന്ന കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിലൊന്നും നിലവിലില്ലാത്ത എൻ.ഒ.സി നിബന്ധന കേരളത്തിൽ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. അനുമതിക്കായി മുന്‍ സര്‍ക്കാര്‍ പണം വാങ്ങിയിരുന്നതാണോ ഇപ്പോഴത്തെ അഴിമതി ആരോപണത്തിന് കാരണം എന്ന് മന്ത്രി ചോദിച്ചു. വിദ്യാർഥികൾക്ക് പഠന സൗകര്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് മുൻഗണനയെന്നും, സംവരണത്തിലോ മെറിറ്റ് മാനദണ്ഡങ്ങളിലോ യാതൊരു അട്ടിമറിയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്നാൽ സർക്കാരിന്റെ തീരുമാനം സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കാനാണെന്നും ഇതിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. പുതിയ കോഴ്സുകൾ ആരംഭിച്ച ശേഷം അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി അക്കാദമിക് വർഷാവസാനത്തിൽ മാത്രം അനുമതി തേടിയാൽ മതിയെന്ന വ്യവസ്ഥ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരത്തെ തകർക്കുമെന്ന് അദ്ദേഹം വിമർശിച്ചു. 

ഉത്തരവിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ആരോപിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് അറിയിച്ചു. ‌സ്വാശ്രയ സ്വയംഭരണ കോളേജ് പ്രതിനിധികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. സ്വാശ്രയ കോളേജുകൾ വർഷം തോറും എൻ.ഒ.സി പുതുക്കണമെന്ന നിയമം മൂന്നു വർഷത്തിലൊരിക്കലാക്കി ഇളവ് ചെയ്തതും വിജ്ഞാപനത്തിലൂടെ പുറത്തിറക്കിയിരുന്നു.

ENGLISH SUMMARY:

Kerala self financing colleges news covers the recent government decision removing the mandatory NOC requirement for starting new courses in autonomous and aided colleges. Minister Roji M John stated this aims to reduce administrative delays, while the opposition and SFI raised allegations of corruption.