ഏതുനിമിഷവും യുദ്ധം പുനരാരംഭിക്കുമെന്ന ഭീതിക്കിടെ ആയുധങ്ങൾ സജ്ജമാക്കി അമേരിക്കയും ഇറാനും. ഇറാനിലേക്ക് കരമാർഗ്ഗം ആയുധങ്ങളെത്തുന്നത് തടയാൻ അമേരിക്ക പ്രത്യേക കർമ്മസേനയ്ക്ക് രൂപം നൽകി. ഇതിനിടെ, ഹോർമൂസ് കടലിടുക്കിൽ മൂന്ന് എണ്ണ ടാങ്കറുകൾക്ക് കൂടി തീപിടിച്ചു. സൗദിയിൽ അരാംകോയ്ക്കും കിങ് ഫഹദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിനും നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. മറുഭാഗത്ത്, യെമനിലെ സനായിൽ സഖ്യസേന നടത്തിയ തിരിച്ചടിയിൽ 33 പേർ കൊല്ലപ്പെട്ടു.
പശ്ചിമേഷ്യയിൽ യുദ്ധസാധ്യതകൾ അതീവ ഗുരുതരമായി തുടരുന്നതിനിടെ ഇരുപക്ഷവും സന്നാഹങ്ങൾ ശക്തമാക്കുകയാണ്. കരമാർഗ്ഗം ഇറാനിലേക്ക് ആയുധങ്ങളും അവശ്യവസ്തുക്കളും എത്തുന്നത് തടയാൻ ഇരുപതംഗ പ്രത്യേക കർമ്മസേനയെ നിയോഗിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഭീകരവാദ ഫണ്ടിങ് തടയലും ഇറാന്റെ ആയുധ നിർമ്മാണശാലകളുടെ പുനർനിർമ്മാണം തടയലുമാണ് കർമ്മസേനയുടെ പ്രധാന ചുമതല. എന്നാൽ ഉപരോധങ്ങളിലൂടെ രാജ്യത്തെ പൂട്ടാമെന്ന യുഎസ് നീക്കം വിലപ്പോകില്ലെന്ന് റവലൂഷനറി ഗാർഡ് തിരിച്ചടിച്ചു.
വർഷങ്ങളോളം യുദ്ധം ചെയ്യാനുള്ള ആയുധശേഖരം രാജ്യത്തിനുണ്ടെന്നും സർവ്വനാശമായിരിക്കും പ്രത്യാഘാതമെന്നും ഇറാൻ വ്യോമസേനാ ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി. തങ്ങളുടെ വിരലുകൾ കാഞ്ചിക്ക് മുകളിലാണെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം, ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള പരസ്പര ആക്രമണങ്ങളും രൂക്ഷമായി തുടരുകയാണ്. ഇറാന്റെ വിലക്ക് ലംഘിച്ച മൂന്ന് എണ്ണ ടാങ്കറുകൾ നാവിക മൈനുകളിൽ തട്ടി അഗ്നിക്കിരയായി. ഇതിനിടെ, ഒമാൻ കടലിൽ തീപിടിച്ച ചരക്കുകപ്പലിൽ നിന്ന് അറബ് പൗരന്മാരായ 22 ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഉപരോധം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സെന്റ് കിറ്റ്സ് പതാകയുള്ള മറ്റൊരു ചരക്കുകപ്പലിന് നേരെ യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തുകയും തുടർയാത്ര തടയുകയും ചെയ്തു.
മറുഭാഗത്ത്, സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം കടുപ്പിച്ചു. അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെയും കിങ് ഫഹദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ കെട്ടിടത്തിന് നേരെയും മിസൈൽ ആക്രമണമുണ്ടായി. മിസൈൽ ഭാഗങ്ങൾ പതിച്ച് കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായെങ്കിലും ആർക്കും പരുക്കില്ല. അതേസമയം, യെമൻ തലസ്ഥാനമായ സനായിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഹൂതികൾ അറിയിച്ചു.