ചിത്രം കടപ്പാട് ട്വിറ്റര്‍

ചിത്രം കടപ്പാട് ട്വിറ്റര്‍

ഒഡീഷയിലെ ജലേശ്വറിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ്ദൾ ആക്രമണം. ജലേശ്വർ സെന്റ് തോമസ് ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ, ജോഡ ഇടവക വികാരി ഫാ. വി.ജോജോ, സിസ്റ്റർമാരായ എലേസ, മോളി, എന്നിവരുൾപ്പെടെയുള്ള സംഘത്തിനാണ് ഗംഗാധർ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് മർദനമേറ്റത്. 

ഫാ. ലിജോ കുറവിലങ്ങാട് സ്വദേശിയും ഫാ. ജോജോ തൃശൂർ സ്വദേശിയുമാണ്. കന്യാസ്ത്രീകൾ ആലപ്പുഴ സിസ്റ്റേഴ്സ് ഓഫ് ദ് വിസിറ്റേഷൻ കോൺഗ്രിഗേഷൻ അംഗങ്ങളാണ്.  ഗ്രാമവാസികളുടെ ആണ്ട് കുർബാനയ്ക്കാണ് വൈദികരും സംഘവും എത്തിയത്. മടങ്ങുന്നതിനിടെ 500 മീറ്റർ പിന്നിട്ടപ്പോൾ വഴിയിൽ കാത്തുനിന്ന 70ലേറെപ്പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.

ഒഡീഷയിൽ വൈദിക സംഘത്തിന് നേരെയുണ്ടായ അക്രമം ഞെട്ടിക്കുന്നതാണെന്ന് സിബിസിഐ.  വൈദികർക്കും സന്യസ്തർക്കും സുരക്ഷയൊരുക്കണം. ഇത്തരം അക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ആക്രമണത്തിന്  പിന്നിൽ ബജ്‌റംഗദൾ ആണെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൻ റോഡ്രിഗസ് മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഛത്തീസ്ഗഡിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ മലയാളി കന്യാസ്ത്രീകൾ ഉടൻ നാട്ടിലേക്ക് പോകില്ല. കേസ് റദ്ദാക്കുന്നതിനുള്ള നിയമനടപടികൾ തുടരേണ്ടതിനാലാണ് തീരുമാനം. കന്യാസ്ത്രീകൾ ഛത്തീസ്ഗഡിലെ ദല്ലി രാജ്ഹാരയിൽനിന്ന് ബിലാസ്പൂരിലെത്തും. FIR റദ്ദാക്കാൻ സി. പ്രീതിയും സി. വന്ദനയും ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകും. അതിനിടെ, ബജ്റംഗ് ദൾ നേതാക്കൾക്കെതിരെ ആദിവാസി യുവതികൾ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. കേസെടുക്കണം എന്നാവശ്യപ്പെട്ട് സിപിഐയും കോൺഗ്രസും നാരായൺപൂരിൽ പ്രതിഷേധിച്ചിരുന്നു.

ENGLISH SUMMARY:

Malayali priests and nuns were attacked in Odisha over allegations of religious conversion. Around seventy Bajrang Dal activists were involved in the assault. Father Lijo Nirappel and Father Jojo sustained injuries, along with several nuns. The Catholic Bishops' Conference of India (CBCI) strongly condemned the attack. The violence is not an isolated incident but part of a continuing trend, said CBCI spokesperson Fr. Robinson Rodrigues to Manorama News. The assault occurred while the priests and nuns were returning after attending a funeral ceremony. Fr. Robinson demanded better security for Christians and clergy.