ഉത്തരാഖണ്ഡിലെ പ്രളയത്തിൽ കുടുങ്ങിയ 28 മലയാളികൾ സുരക്ഷിതർ എന്ന് വിവരം. കൊച്ചിയിൽ നിന്നുള്ള നാരായണൻ നായരും ശ്രീദേവി പിള്ളയും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ബസ് ഗംഗോത്രിക്ക് സമീപം കുടുങ്ങിക്കിടക്കുന്നതായി സൈന്യം അറിയിച്ചു. ഇവരുടെ ബസ് ഡ്രൈവറുമായി മലയാളി സമാജം പ്രസിഡന്റ് ഫോണിൽ സംസാരിച്ചിരുന്നു. അപകടം ഉണ്ടായതിന് നാല് കിലോമീറ്റർ അപ്പുറത്താണ് നിലവിൽ ബസ് ഉള്ളത്. 

ഇന്നലെ രാവിലെ മുതൽ സംഘത്തിലുള്ളവരെ ബന്ധപ്പെടാനാകാതെ വന്നതോടെ ബന്ധുക്കൾ ആശങ്കയിലായിരുന്നു. കേരളത്തിൽ നിന്നുള്ള എട്ടുപേരും 20 മുംബൈ മലയാളികളുമാണ് കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡിലേക്ക് വിനോദയാത്രയ്ക്ക് പോയത്. ഉത്തരകാശിയിൽ നിന്ന് ഗംഗോത്രിയിലേക്കുള്ള യാത്രാമധ്യേയാണ് പ്രളയം ഉണ്ടായത്. പ്രദേശത്തെ ആശയവിനിമയ സംവിധാനങ്ങൾ തകർന്നു കിടക്കുന്നതിനാൽ, സംഘത്തിലുള്ളവർക്ക് ഇപ്പോഴും ബന്ധുക്കളോട് സംസാരിക്കാനായിട്ടില്ല.

അതേസമയം, ഉത്തരാഖണ്ഡിലെ ദേശീയപാതയിലെ തടസങ്ങള്‍ നീക്കാന്‍ ‘ഓപ്പറേഷന്‍ ശിവാലിക്’ എന്ന പേരില്‍ പ്രത്യേക ദൗത്യം. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിലാണ് ദൗത്യം. ഗംഗോത്രി– ധരാസു റോഡിലും വ്യാപക നഷ്ടമുണ്ടായി.  മേഘവിസ്ഫോടനം വന്‍ ദുരന്തം വിതച്ച ഉത്തരാഖണ്ഡ് ധരാലിയില്‍ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.  മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.  9 സൈനികരടക്കം അറുപതിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.  അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. 150 പേരെ രക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.  മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ദുരന്തമേഖലയിലെത്തി

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന ധരാലി ഗ്രാമത്തില്‍ ജീവന്‍‌റെ അവശേഷിപ്പുകള്‍ തേടുകയാണ് രക്ഷാപ്രവര്‍ത്തകര്‍.  മണ്ണും ചെളിയും അവശിഷ്ടങ്ങളും ഉയരത്തിലടിഞ്ഞ പ്രദേശത്ത് തിരച്ചില്‍ ദുഷ്കരം.  ശമനമില്ലാതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നു.

കാണാതായ അറുപതിലേറെ മനുഷ്യര്‍ക്കായാണ് തിരച്ചില്‍.  ധരാലിക്കുസമീപത്തെ ലോവര്‍ ഹര്‍ഷില്‍ ക്യാംപിലെ 9 സൈനികരെയും കണ്ടെത്താനുണ്ട്, രണ്ടുസൈനികരെ രക്ഷപ്പെടുത്തി.  കരസേന, ദേശിയ, സംസ്ഥാന ദുരന്തനിവാരണ സേനകള്‍, പൊലീസ്, ഐ.ടി.പി.ബി, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ തുടങ്ങി നാന്നൂറിലേറെപ്പേരാണ് രാവിലെമുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.  ധരാലിയിലക്കുള്ള റോഡുകള്‍ തകര്‍ന്നത് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തുന്നതിന് തടസമാകുന്നു. കാലവസ്ഥ മെച്ചപ്പെട്ടാല്‍ ഹെലികോപ്റ്ററുകളും ഉപയോഗിക്കും. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ധരാലിയിലെത്തി സ്ഥിതി വിലയിരുത്തി.

തിരച്ചില്‍ പൂര്‍ത്തിയാകാന്‍ ഏറെ സമയമെടുക്കും. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ച് കേന്ദ്ര സഹായം ഉറപ്പു നൽകി.  ദുരിതാശ്വാസ, ഉത്തരാഖണ്ഡ് സർക്കാർ 20 കോടി രൂപ അനുവദിച്ചു. ഉത്തരകാശിയിലടക്കം 11 ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.  ഗംഗാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.  ബദരീനാഥ് പാതയിലുള്‍പ്പെടെ നിരവധി പ്രധാന റോഡുകളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

ENGLISH SUMMARY:

Twenty-eight Malayalis trapped in the Uttarakhand floods have been confirmed safe. The army reported that the bus carrying the group, including Narayanan Nair and Sreedevi Pillai from Kochi, is stranded near Gangotri. The president of the Malayali Samajam had a phone conversation with the bus driver. The bus is currently about four kilometers away from the disaster site.