ഉത്തരകാശി മേഘവിസ്ഫോടനത്തില്‍ സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. ലോവര്‍ ഹര്‍ഷില്‍ ക്യാംപിലുള്ളവരെയാണ് കാണാതായത്. സൈനിക ക്യാംപിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പത്തുപേരെ കാണാതായെന്നാണ് സൂചന. ഹർഷിലിലെ സൈനിക ക്യാമ്പിൽ നിന്ന് വെറും 4 കിലോമീറ്റർ അകലെയുള്ള ധരാലിയിലാണ് ഇന്ന് ഉച്ചയ്ക്ക് മേഘവിസ്ഫോടനം ഉണ്ടായത്. ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി.
ഉത്തരകാശിയിലെ സുഖി ടോപ്പിലും ധരാലിയിലുമാണ് മേഘവിസ്ഫോടനം ഉണ്ടായത്. തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ നാലുപേര്‍ മരിച്ചു. അറുപതിലേറെ പേരെ കാണാതായി. വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ തകര്‍ത്ത് കുത്തിയൊഴുകുന്ന വെള്ളത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ധരാലി ഗ്രാമത്തിലെ വലിയൊരുപ്രദേശമാകെ മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി. ഇരുപത് ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയി. ധരാലിയില്‍ മേഘവിസ്ഫോടനമുണ്ടായി മണിക്കൂറുകള്‍ക്കം സുഖി ടോപ്പിലും മേഘവിസ്ഫോടനമുണ്ടാവുകയായിരുന്നു.
ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. പിന്നാലെ നദി കരകവിഞ്ഞു. ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. ധരാലി മാർക്കറ്റ് പൂർണ്ണമായും നശിച്ചു. ലോവര്‍ ഹർഷിലിലെ സൈനിക ക്യാംപിലും ഹെലിപാഡിലും നാശനഷ്ടമുണ്ടായി. നാട്ടുകാരും വിനോദ സഞ്ചാരികളുമടക്കം ഇരുന്നൂറിലേറെപ്പേര്‍ സ്ഥലത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. തിരച്ചില്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കും. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും ഉള്‍പ്പെടെ രംഗത്തുണ്ട്. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ തങ്ങള്‍ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. നൂറില്‍പ്പരമാളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തെ അങ്ങേയറ്റം ദുഃഖകരവും ദുരിതപൂർണ്ണവുമാണെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വിശേഷിപ്പിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പുഷ്കര്‍ സിങ് ധാമിയുമായ സംസാരിച്ച് സ്ഥിതി വിലയിരുത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലാകെ കനത്ത മഴ തുടരുകയാണ്. നിരവധിയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പുണ്ട്.