odisha-burn

TOPICS COVERED

ഒഡീഷയിലെ പുരിയിൽ യുവാക്കൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്ന് പരാതിപ്പെട്ട പത്താം ക്ലാസുകാരി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കയാണ് മരണം. എന്നാല്‍ മകള്‍ മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്തതാണെന്നും രാഷ്ട്രീയ വിവാദം ഉണ്ടാക്കരുത് എന്നുമാണ്  പിതാവിന്റെ പ്രതികരണം. സത്യം പുറത്ത് വരണമെന്ന്  പ്രതിപക്ഷം ആവശ്യപ്പെട്ടു.

ജൂലൈ 19ന് 75 ശതമാനം പൊള്ളലോടെ ബയാബർ ഗ്രാമവാസിയായ വിദ്യാർഥിനിയെ ഏതാനും പേര്‍ ഭൂവനേശ്വര്‍ എയിംസില്‍ കൊണ്ടുവന്നു.  പിന്നീട് വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി എങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മരണവിവരം  മുഖ്യമന്ത്രി മോഹൻ മാജിയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.  കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ  തട്ടിക്കൊണ്ടുപോയി ഭാർഗവി നദീതടത്തിൽ വെച്ച് തീകൊളുത്തി എന്നാണ് പെൺകുട്ടി പോലീസിന് നൽകിയിട്ടുള്ള മൊഴി. എന്നാല്‍ മകൾ മാനസിക സമ്മർദ്ദം മൂലം തീ കൊളുത്തിയതാണെന്നും രാഷ്രീയ വിവാദം ഉണ്ടാക്കാതെ മകള്ക്കായി പ്രാര്‍ഥിക്കണമെന്നുമാണ്  പിതാവ് വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചത്. 

സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വീഡിയോയില്‍ പറയുന്നു. അതേസമയം പെണ്‍കുട്ടിയുടെ മൊഴിയെ ശരിവക്കുന്നതാണ് ദൃക്സാക്ഷിയുടെ പ്രതികരണം. മൂന്ന് പേര്‍ ആക്രമിച്ചെന്ന് പറഞ്ഞ പെണ്‍കുട്ടി ദേഹത്ത് തീ പടർന്ന് കൈകൾ ബന്ധിച്ച നിലയിലാണ് വീട്ടിലേക്ക് ഓടി വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. നേരത്തെ എട്ട് പേരെ ചോദ്യം ചെയ്തത് വിട്ടയച്ചിരുന്നു. വിശദമായ അന്വേഷണം നടത്തണമെന്നും പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം എന്നും  പ്രതിപക്ഷം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

A 10th-grade student from Odisha who was found with severe burns has died while undergoing treatment at AIIMS in Delhi. While the girl alleged that she was set on fire by three men, her father claims she committed suicide due to mental distress, leading to political controversy and calls for a thorough investigation.