ഒരു വെള്ളപ്പൊക്കം വന്നാല്‍ എന്ത് ചെയ്യും. സുരക്ഷിതമായ സ്ഥലത്തേക്ക് മാറും എന്നത് മാത്രമാണ് യുക്തിപൂര്‍വമായി ചെയ്യാവുന്നത്. എന്നാല്‍ വീട്ടുപടിവരെ വെള്ളം പൊങ്ങിയപ്പോള്‍ അതിനെ പൂക്കളും പാലുമൊഴിച്ച് പൂജിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവുമേറ്റുവാങ്ങി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കാലവര്‍ഷത്തിന് പിന്നാലെ ഗംഗാനദിയില്‍ ജലമുയര്‍ന്നു, ഇതിന് പിന്നാലെയാണ് പൂജയും പൂജയുടെ വിഡിയോയുമെല്ലാം പ്രചരിക്കുന്നത്.
യുപി പ്രഗ്യാരാജിലെ എസ്ഐ ആയ ചന്ദ്രദീപ് നിഷാദാണ് വിഡിയോയിലുള്ളത്. വീടിന്‍റെ താഴത്തെ നിലയില്‍ വെള്ളം കയറിയിട്ടുണ്ട്. വീടിന്‍റെ മുകള്‍ഭാഗത്ത് നിന്ന് ഷൂ ഊരി പാന്‍റ് ഉയര്‍ത്തി ഇറങ്ങി വരുന്ന പൊലീസുകാരന്‍ ആദ്യം പുഷ്പങ്ങള്‍ വെള്ളപ്പൊക്കത്തിലേക്ക് ഇടുന്നു. ഇതിന് പിന്നാലെ മന്ത്രോച്ചാരണത്തോടെ കയ്യില്‍ കരുതിയ പാല്‍ വെള്ളത്തിലേക്ക് ഒഴിക്കുന്നു. തുടര്‍ന്ന് പാല്‍ വെള്ളത്തില്‍ കലക്കി കയ്യില്‍ കോരിയെടുത്ത് പ്രാര്‍ഥിക്കുന്നതോടെ വിഡിയോ അവസാനിക്കുകയാണ്. ഇത് കൂടാതെ യൂണിഫോമെല്ലാം അഴിച്ച് വീട്ടുമുറ്റത്തെ വെള്ളത്തില്‍ കിടന്ന് കുളിക്കുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്
വിഡിയോ സമൂഹമാധ്യമങ്ങളിലെത്തിയത് ഗംഗാമാത അതിഥിയായി വീട്ടിലെത്തിയാല്‍ പൂജിക്കണം എന്ന തലക്കെട്ടിലൂടെയായിരുന്നു. എന്നാല്‍ തുടര്‍ന്ന് സുരക്ഷക്ക് പകരം പൂജയാണോ ചെയ്യുന്നത് ഒരു ഉയര്‍ന്ന പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന് അല്‍പം യുക്തി ആകാം എന്ന തരത്തില്‍ കമന്‍റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
കാലവര്‍ഷമെത്തുമ്പോള്‍ ഗംഗാനദി കരകവിയുന്നത് പതിവാണ്. ഈ സമയം ചുറ്റപാടുമുള്ള മാലിന്യവും കലരാനിടയുണ്ട്. ആ വെള്ളത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കുളിക്കുന്നതും ഇത്തരം പ്രചാരണങ്ങള്‍ ഏറ്റെടുക്കുന്നതും ഒരു മോശം മാതൃകയാണെന്നും വിമര്‍ശനമുയര്‍ന്നു.
.