നൂറോളം പേരെ കൊന്നുകുഴിച്ചുമൂടിയെന്ന് ആരോപണമുയർന്ന ധർമ്മസ്ഥലയിൽ പരിശോധന തുടരുന്നു. ആദ്യഘട്ട പരിശോധനയിൽ ഒന്നും കണ്ടെത്താനാവാതെ വന്നതോടെ, മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചും, പൊലീസ് നായയെ എത്തിച്ചും പരിശോധന തുടരുകയാണ്.
റവന്യൂ വനം വകുപ്പുകളുടെ അനുമതി ലഭിച്ചശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് മണ്ണ് മാറ്റിയുള്ള പരിശോധനയ്ക്ക് എസ്ഐടി സംഗമം ധർമ്മസ്ഥലയിൽ എത്തിയത്. ഇന്നലെ തിരിച്ചറിഞ്ഞ 15 പോയിന്റുകളിൽ, 8 പോയിന്റുകൾ ഉള്ള നേത്രാവതി സ്നാനഘട്ടിന് അടുത്താണ് പരിശോധന ആരംഭിച്ചത്. ആദ്യ പോയിന്റിലെ പരിശോധന തന്നെ മണിക്കൂറുകളാണ് നീണ്ടത്.
എസ്ഐടി തലവൻ ജിതേന്ദ്ര ദയാമ, പുത്തൂർ എസി സ്റ്റെല്ലാ വർഗീസ് എന്നിവർക്കൊപ്പം വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ എത്തിച്ചിരുന്നു. മൂന്നടിയോളം ആദ്യ പോയിൻറ് കുഴിച്ചു. എന്നാൽ ഈ കുഴികളിലേക്ക് വെള്ളം കുത്തിയൊലിക്കുയായിരുന്നു. ഇതോടെ പരിശോധന നിർത്തിവച്ചു, കൂടുതൽ പരിശോധനയ്ക്ക് ചെറു മണ്ണുമാന്തി യന്ത്രം എത്തിച്ചു. ആദ്യ പോയിൻറ് പൂർണ്ണമായും പരിശോധിച്ച് വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളിക്ക് തൃപ്തിയായ ശേഷം മാത്രമേ അടുത്ത പോയിന്റിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കുമെന്ന് എസ്ഐടി സംഘം അറിയിച്ചു. സ്നാനഘട്ടിന് അടുത്തുള്ള 8 പോയിന്റുകൾ, ഹൈവേയോട് ചേർന്ന് നാല് പോയിന്റുകൾ, കനയാടി ഹൈവേയ്ക്ക് അടുത്ത് രണ്ടിടങ്ങൾ, നേത്രാവതിയിൽ നിന്നും അജു കുറിയിലേക്ക് തിരിയുന്ന ഭാഗത്ത് ഒരു പോയിന്റുമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇന്നലെ മുതൽ പ്രത്യേക പോലീസ് സംഘം മേഖലയിൽ സുരക്ഷ ഒരുക്കുന്നുണ്ട്.