അമ്മാ...ആ വിളിയിലും സ്നേഹ ചുംബനത്തിലും അമ്മ അറിഞ്ഞില്ല ആ മക്കള്‍ ഒരു രാത്രിക്കപ്പുറം ജീവനൊടുക്കുമെന്ന്, അച്ഛനോട് ‘ഐ ലവ് യൂ’ പറഞ്ഞു കിടന്ന 3 കുട്ടികള്‍ രാവിലെ ജീവനറ്റുകിടക്കുന്ന നിലയിലാണ് കണ്ടത്. മരിക്കുന്നതിനു തലേ രാത്രി മൂന്നു സഹോദരിമാരും ശാന്തരായിരുന്നെന്നു കുടുംബം പറയുന്നു. പിന്നീടു ശബ്ദം കേട്ടുണരുന്ന മാതാപിതാക്കൾ കണ്ടത് ഒൻപതാം നിലയിൽ നിന്നു താഴേക്ക് വീണു ചലനമറ്റു കിടക്കുന്ന 3 മക്കളെയാണ്.
ഗാസിയാബാദിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്നു 3 സഹോദരിമാർ ഒന്നിച്ചു വീണു മരിച്ച സംഭവത്തിൽ അവ്യക്തത തുടരുകയാണ്. കൊറിയയിൽ നിന്നുള്ള ഓൺലൈൻ ടാസ്ക് ഗെയിമിന് അടിമപ്പെട്ടാണു മരണമെന്നു പൊലീസ് സംശയം പ്രകടിപ്പിച്ചെങ്കിലും കുട്ടികൾ ഉപയോഗിച്ചിരുന്ന ഫോണിൽ നിന്ന് ഇത്തരമൊരു ഗെയിം കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മരിച്ച മൂന്നു പെൺകുട്ടികളും സ്കൂളിൽ പോകുന്നതു വളരെ വിരളമെന്നു ഗാസിയാബാദ് ഭാരത് സിറ്റി അപ്പാർട്മെന്റിലെ അയൽക്കാർ പറയുന്നു. ഇവരെ പലപ്പോഴും മുറിക്കു പുറത്തേക്കു കാണാറില്ലായിരുന്നു. പതിനാറു വയസ്സുകാരി നിഷിക നാലാം ക്ലാസ് വരെ മാത്രമാണു സ്കൂളിൽ പോയിട്ടുള്ളത്. കുട്ടികൾ കൊറിയൻ ഡ്രാമ കണ്ട് അതുപോലെ ജീവിക്കാൻ ആഗ്രഹിച്ചിരുന്നതായി പിതാവ് ചേതൻ കുമാർ പൊലീസിനോടു വെളിപ്പെടുത്തി.
‘സഹോദരിമാർ മൂവരും എപ്പോഴും ഒരുമിച്ചായിരുന്നു. കുളിക്കുന്നതും കഴിക്കുന്നതും സ്കൂളിൽ പോകുന്നതും ഉറങ്ങുന്നതും ഉൾപ്പെടെ ദൈനംദിന കാര്യങ്ങളെല്ലാം ഒരുമിച്ചാണു ചെയ്തിരുന്നത്. സ്ഥിരമായി മൊബൈലിൽ ഗെയിം കളിക്കുമെങ്കിലും ഏതെങ്കിലും തരത്തിലുള്ള അപകടകരമായ കളിയാണെന്ന് അറിയില്ലായിരുന്നെന്നും പിതാവ് പറഞ്ഞു. കോവിഡ് കാലത്തു വീട്ടിലിരുന്നപ്പോഴാണ് ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായത്. പരീക്ഷയിൽ തോറ്റതിന്റെ വിഷമത്തിൽ കുട്ടികൾ കഴിഞ്ഞ രണ്ടു മൂന്നു വർഷമായി സ്കൂളിൽ പോയിരുന്നില്ല’ – ചേതൻ പറഞ്ഞു.