മൂത്ത സഹോദരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇളയ സഹോദരനും സഹോദരിയും ഹോട്ടലില്‍ മുറിയെടുത്ത് ജീവനൊടുക്കി. ഹൈദരാബാദിൽ നിന്നുള്ള ഗണേഷ് ഗൗഡ് (44), ധൻ ലക്ഷ്മി ഗൗഡ് (37) എന്നിവരെയാണ് വാരാണസിയിലെ ഒരു ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ സഹോദരി അംല ദേവിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ വാരാണസിയില്‍ എത്തിയതായിരുന്നു ഇരുസഹോദരങ്ങളും. സഹോദരിയുടെ മരണം ഇവരെ ഏറെ വിഷമിപ്പിച്ചിരുന്നതായി ബന്ധു വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇവരുടെ അമ്മ വളരെ ചെറുപ്പത്തില്‍ മരിച്ചുപോയിരുന്നു. അച്ഛനും മൂന്ന് വര്‍ഷം മുന്‍പ് മരിച്ചു. സഹോദരങ്ങളുടെ കസിൻ സ്വരൂപ് അവരുടെ മരണവാർത്ത അറിഞ്ഞതിന് ശേഷം വാരണാസിയിലെത്തിയതായി സിഗ്ര പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സഞ്ജയ് കുമാർ മിശ്ര പറഞ്ഞു.
അച്ഛന്‍റെ മരണശേഷം ഗണേഷും ലക്ഷ്മിയും വൈകാരികമായും സാമ്പത്തികമായും മൂത്ത സഹോദരിയെയായിരുന്നു ആശ്രയിച്ചിരുന്നത്. ഗണേഷും ലക്ഷ്മിയും വിവാഹം ചെയ്തിരുന്നുമില്ല. കഴിഞ്ഞ ജനുവരി 28 നാണ് ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സഹോദരി അംല ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സഹോരങ്ങള്‍ ഹോട്ടലില്‍ റൂമെടുത്തത്. ചെക്ക് ഔട്ട് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദിവസം ജീവനക്കാർ വാതിലിൽ മുട്ടിയപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ല. മുറിയിലേക്കുള്ള കോളുകൾക്കും മറുപടി ലഭിച്ചില്ല. കുഴപ്പം തോന്നിയ ഹോട്ടൽ ജീവനക്കാർ പോലീസിനെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയിൽ നിന്ന് നിരവധി ഗുളികകളും കണ്ടെത്തി. ഇവ അമിതമായി ഉപയോഗിച്ചതായും പോലീസ് സംശയിക്കുന്നു. മുറിയിൽ നടത്തിയ പരിശോധനയിൽ പാൻ കാർഡുകളും ഡ്രൈവിങ് ലൈസൻസും ഉൾപ്പെടെയുള്ള രേഖകളും പോലീസ് കണ്ടെടുത്തു. 6 ലക്ഷം രൂപയും മുറിയിൽ നിന്ന് കണ്ടെടുത്തു. മുറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ 'സോറി, ദയവായി എന്നോട് ക്ഷമിക്കൂ' എന്ന് എഴുതിയിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടം നടത്തി, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു മരിച്ച ഗണേഷ്.