Image Credit : Twitter

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തിയ കർഷക പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ എ.സി.പി മോണിക്ക ശുക്ല. ഭോപാലിന്റെ 'ലേഡി സിങ്കം' എന്നറിയപ്പെടുത്ത അസിസ്റ്റന്‍റ് കമ്മിഷണര്‍ മോണിക്ക ശുക്ലയുടെ വിഡിയോ സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് നീങ്ങാനുളള കര്‍ഷകരുടെ ശ്രമത്തെ മോണിക്ക ധീരമായി ചെറുക്കുന്നതാണ് വിഡിയോയിലുളളത്. കർഷകർ തള്ളിക്കൊണ്ടുവന്ന ഒരു ബസിന് മുന്നിൽ ഭയരഹിതമായി നിലയുറപ്പിച്ചാണ് മോണിക്ക പ്രതിഷേധക്കാരെ തടഞ്ഞത്.

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്. ഇതിനിടയില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ് പ്രതിഷേധക്കാരായ കര്‍ഷകന്‍ തളളിക്കൊണ്ട് മുന്നോട്ടുവരാന്‍ ശ്രമിച്ചു. ഈ ശ്രമത്തെ ചെറുക്കാനായാണ് എ.സി.പി മോണിക്ക ശുക്ല ബസിന് മുന്നില്‍ കയറി നിന്നത്. ആളുകള്‍ മുദ്രാവാക്യം മുഴക്കി മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ചിട്ടും ബസിന് മുന്നില്‍ നിന്ന് മാറാന്‍ മോണിക്ക തയാറായില്ല. മോണിക്കയുടെ ഈ ചെറുത്തുനില്‍പ്പ് പ്രതിഷേധക്കാരെ അവരുടെ ശ്രമത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുകയും സംഘര്‍ഷ സാധ്യത കുറയ്ക്കുകയും ചെയ്തു. ഭോപാലിലെ ബർക്കത്തുള്ള സർവകലാശാലയ്ക്ക് സമീപമായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ ആരാണ് ഈ ധീര വനിത പൊലീസ് ഉദ്യോഗസ്ഥ എന്ന് തിരയുകയാണ് സോഷ്യല്‍ലോകം. അതേസമയം താന്‍ തന്‍റെ കര്‍ത്തവ്യം മാത്രമാണ് ചെയ്തതെന്നും പ്രതിഷേധക്കാർ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയെന്നത് തന്റെ ചുമതലയാണെന്നും മോണിക്ക ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബസ് മുന്നോട്ട് തള്ളുന്നത് കണ്ടപ്പോൾ തടയേണ്ടത് അത്യാവശ്യമായതിനാലാണ് അതിന് മുന്നില്‍ കയറി നിന്നതെന്നും ഞാൻ എന്റെ ജോലി മാത്രമാണ് ചെയ്തതെന്നും മോണിക്ക വ്യക്തമാക്കി. തന്റെ പ്രവൃത്തിയില്‍ അസാധാരണമായ ഒന്നുംതന്നെയില്ലെന്നും മോണിക്ക ശുക്ല കൂട്ടിച്ചേര്‍ത്തു. മോണിക്കയുടെ വാക്കുകള്‍ ഇങ്ങനെ.... 'ക്രമസമാധാന പാലനത്തിൽ വർഷങ്ങളുടെ അനുഭവസമ്പത്ത് മുൻനിർത്തി, അത്തരം ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയാമായിരുന്നു. "പ്രതിഷേധക്കാർ ബസ് നീക്കുന്നത് തടയാൻ ഞാൻ അപ്പോൾ തന്നെ തീരുമാനിച്ചു. എനിക്ക് ഭയം തോന്നിയില്ല. ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്തു. നമ്മൾ സംയമനത്തോടെ പ്രവർത്തിക്കണം. പ്രതിഷേധക്കാർ കുറ്റവാളികളല്ല. അവരും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന പൗരന്മാരാണ്' എന്നും എ.സി.പി മോണിക്ക ശുക്ല വ്യക്തമാക്കി. 

 

 

ENGLISH SUMMARY:

ACP Monica Shukla, known as Bhopal's 'Lady Singham', bravely confronted a farmer protest at the Madhya Pradesh Chief Minister's residence. Her courageous actions in preventing a bus from advancing during the demonstration have gone viral and earned her widespread admiration.