പ്രതീകാത്മക ചിത്രം
മധ്യപ്രദേശ്‍ ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ കെട്ടിയിട്ട് പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. മകളുടെ പിറന്നാള്‍ ആഘോഷിക്കാമെന്ന പേരില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു.
പൊലീസ് റിപ്പോര്‍ട്ട് പ്രകാരം പീഡിപ്പിച്ച പൊലീസുകാരന് പെണ്‍കുട്ടിയുമായി മുന്‍പ് തന്നെ ബന്ധമുണ്ടായിരുന്നു. കുട്ടിയെ തന്‍റെ പൊലീസ് ക്വാട്ടേഴ്സില്‍ വച്ചാണ് പീഡിപ്പിച്ചത്. പീഡനസമയം തന്‍റെ സഹ പൊലീസുകാരനെയും നാല് വയസുള്ള മകനെയും കൊണ്ട് വീടിന് കാവല്‍ നില്‍പ്പിച്ചു.
പെണ്‍കുട്ടി ഇതിനിടെ കുതറി ഓടുകയും വീട്ടിലെത്തുകയുമായിരുന്നു. പീഡനവിവരം തുടര്‍ന്ന് വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കേസില്‍ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു.
വൈദ്യപരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഫോറന്‍സിക് അടക്കം മറ്റ് പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.