പാലക്കാട് ഒറ്റപ്പാലം പനമണ്ണയിൽ ഫെയ്സ്ബുക്കിലെ പരസ്യ വിഡിയോ കണ്ട് ഡ്രോൺ ക്യാമറ ഓർഡർ ചെയ്ത യുവാവിന്റെ വീട്ടിലെത്തിയത്  രണ്ട് കുപ്പി വെള്ളം. 2200 രൂപ നഷ്ടപ്പെട്ട യുവാവ് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി.

'ഇൻഡോ ഗാഡ്ജറ്റ്സ്' എന്ന പേരിലുള്ള  ഫേസ്ബുക് പേജിൽ മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള  പരസ്യ വീഡിയോ കണ്ടാണ് പനമണ്ണ സ്വദേശിയായ യുവാവ് ഡ്രോൺ ക്യാമറ ഓർഡർ ചെയ്തത്.  കൊറിയർ ചാർജ് ഉൾപ്പെടെ 2200 രൂപയാണ് ആവശ്യപ്പെട്ടത്. ഫേസ്ബുക്കിലെ ലിങ്കിൽ തൊട്ടതും വാട്സ്ആപ്പ് ചാറ്റിലേക്കു പ്രവേശിച്ചു. പിന്നാലെ കൊറിയർ എത്തിക്കേണ്ട വിലാസവും അഡ്വാൻസ് തുക അടച്ചതിന്റെ സ്ക്രീൻഷോട്ടും ആവശ്യപ്പെട്ടുള്ള സന്ദേശവും എത്തി.  

അയച്ചു നൽകിയ  സ്കാനറിൽ 200 രൂപയാണ് അഡ്വാൻസായി നൽകി. ഓർഡർ നൽകി 3 ദിവസത്തിനു ശേഷം  കൊറിയർ വീട്ടിലെത്തി. 2000 രൂപ പണവും വാങ്ങി കൊറിയർ  ജീവനക്കാരൻ തിരികെ മടങ്ങി. പാഴ്സൽ പൊളിച്ചുനോക്കിയപ്പോഴാണു യുവാവ് അമ്പരന്നത്. കിട്ടിയത് രണ്ട് കുപ്പി വെളളം. സ്കാനർ അയച്ചുതന്ന അതേ വാട്സ്ആപ്പ് നമ്പറിൽ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. മെസ്സേജുകൾക്ക് മറുപടിയുമില്ല. ഇതോടെ  യുവാവ് പരാതിയുമായി ഒറ്റപ്പാലം പൊലീസിനെ സമീപിച്ചിരിക്കുകയാണ്. 

ENGLISH SUMMARY:

A drone camera scam in Oottappalam saw a youth lose Rs 2200 after ordering through a Facebook advertisement, only to receive two bottles of water instead of the drone. The victim has filed a complaint with Oottappalam police after being defrauded by a fake "Indo Gadgets" Facebook page.