Image: X,@ndtv

  • മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിട്ട 15കാരി മൂന്നാംനാള്‍ ജീവനൊടുക്കി. എന്തിന്?

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിട്ട 15കാരി ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ റാംപാചോടവരം മണ്ഡലത്തിലെ ഇർലപ്പള്ളി സ്വദേശിയായ മുർറം ശിവാനിയെ (15) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാംപാചോടവരം സര്‍ക്കാര്‍ ജില്ലാ പരിഷത്ത് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ശിവാനി. കുട്ടിയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിനും ഉത്തരവിട്ടു. 

കുട്ടി മരിക്കുന്നതിനും മൂന്നു ദിവസം മുന്‍പാണ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച മെഗാ പേരന്റ്-ടീച്ചർ പരിപാടിയില്‍ പങ്കെടുത്ത് ശ്രദ്ധ നേടിയത്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, വിദ്യാഭ്യാസ മന്ത്രി നാര ലോകേഷ് എന്നിവർക്കൊപ്പം ശിവാനി വേദി പങ്കിട്ടിരുന്നു. ‘ഷൈനിങ് സ്റ്റാര്‍’ പുരസ്കാരം നേടുകയാണ് തന്റെ സ്വപ്നമെന്നും പരിപാടിയില്‍ സംസാരിക്കവേ ശിവാനി പറഞ്ഞിരുന്നു. തന്റെ പ്രസംഗത്തിലൂടെ കാണികളുടെ മനം കവര്‍ന്ന ശിവാനിയെ മുഖ്യമന്ത്രി തനിക്കരികിലേക്ക് വിളിച്ചിരുത്തി സംസാരിച്ചതും പരിപാടിയെ ഏറെ ആകര്‍ഷകമാക്കി. അതോടൊപ്പം മുഖ്യമന്ത്രി കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതോടെ പരിപാടി കളര്‍ഫുള്‍ ആവുകയും ചെയ്തു. 

മുത്തശ്ശിയുടെ വീട്ടിലാണ് ശിവാനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുള്ള കുറിപ്പാണ് ശിവാനി എഴുതിയത്. അമ്മയുടേയും അച്ഛന്റേയും സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്നുണ്ടായിരുന്നുവെന്നും അതിനു സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ജീവിക്കാനാണ് ആഗ്രഹമെങ്കിലും അതത്ര എളുപ്പമാണെന്ന് തോന്നുന്നില്ലെന്നും ജീവിതം പ്രയാസകരമാവുമെന്നാണ് തോന്നുന്നതെന്നും കുട്ടി പറയുന്നു. കുടുംബാംഗങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും ശിവാനി കുറിപ്പില്‍ പറയുന്നു. 

അതേസമയം ശിവാനിയുെട മരണത്തിന്റെ യഥാര്‍ത്ഥ കാരണമെന്തെന്ന് പൊലീസോ കുടുംബാംഗങ്ങളോ പുറത്തുവിട്ടിട്ടില്ല. കുട്ടിയുടെ വേര്‍പാടില്‍ അഗാധദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സംഭവത്തില്‍ സമഗ്ര അന്വേഷണത്തിനും ഉത്തരവിട്ടു. സ്കൂള്‍ പരിപാടിയിലെ കുട്ടിയുടെ പ്രസംഗം ഉള്‍പ്പെടെ പരാമര്‍ശിച്ച മുഖ്യമന്ത്രി ഈ മരണം അങ്ങേയറ്റം ഹൃദയഭേദകമാണെന്നും പറഞ്ഞു. മാനസിക വിഷമം അനുഭവിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ പ്രയാസങ്ങൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും തുറന്നുപറയണമെന്നും ഏത് പ്രശ്നത്തിനും പരിഹാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15-Year-Old Who Shared Stage With AP CM Dies By Suicide:

A 15-year-old high school student from Andhra Pradesh, Murram Shivani, tragically died by suicide just three days after sharing a stage with Chief Minister N. Chandrababu Naidu. At a government-organized Mega Parent-Teacher meeting, Shivani had captivated the audience and the Chief Minister with her speech expressing her ambition to become a "shining star." She was found dead at her grandmother's residence, leaving behind a note apologizing to her parents for not being able to fulfill their dreams due to life's difficulties. Deeply grieved by the tragic loss, CM Chandrababu Naidu ordered a comprehensive investigation into her death while emphasizing the importance of mental health awareness among students.